ഇരിങ്ങാലക്കുട: മലയാളത്തിലെ മുഖ്യധാര സിനിമ പലപ്പോഴും സമൂഹത്തിലെ അധികാര ഘടനകളെ ആവർത്തിച്ച് ഉറപ്പിക്കാൻ ശ്രമിക്കുന്നവയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മൂന്നാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ ഉദ്ഘാടനം മാസ് മൂവിസിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
പ്രാന്തവത്കരിക്കപ്പെടുന്നവരുടെ അനുഭവങ്ങൾ ആവിഷ്‌കരിക്കാൻ മുമ്പ് മലയാള സിനിമ ശ്രദ്ധ ചെലുത്തിയിരുന്നു. എന്നാൽ ഇന്ന് ജീവിതവുമായി പുലബന്ധമില്ലാത്ത പ്രമേയങ്ങൾക്കാണ് സ്വീകാര്യത ലഭിക്കുന്നതെന്നും ഇത് ലജ്ജാകരമാണെന്നും മന്ത്രി പറഞ്ഞു. സൊസൈറ്റി രക്ഷാധികാരി പി.കെ. ഭരതൻ മാസ്റ്റർ അദ്ധ്യക്ഷനായി. ഫെസ്റ്റിവൽ ഗൈഡ് മന്ത്രി പ്രകാശനം ചെയ്തു. ക്രൈസ്റ്റ് കോളേജ് ഫിലിം ക്ലബ്ബ് അംഗം ആൻസിൻ ഡ്രല്ല ഏറ്റുവാങ്ങി. ഉദ്ഘാടന ചിത്രമായ ദി പോർട്രേയ്റ്റ്‌സിന്റെ സംവിധായകൻ ഡോ. ബിജു ദാമോദരൻ, ഷോർട്ട് ഫിലിം അവാർഡ് നേടിയ നിർമ്മാതാവ് ഷാജു വാലപ്പൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആമി സിനിമയുടെ നിർമ്മാതാവ് റാഫേൽ പി. തോമസ്, സൊസൈറ്റി പ്രസിഡന്റ് വി.ആർ. സുകുമാരൻ, വൈസ് പ്രസിഡന്റ്, മനീഷ് അരീക്കാട്ട്, മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ സിജി പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.