health

തൃശൂർ: വിദ്യാർത്ഥികളുടെ ബഹിഷ്‌കരണത്തിനിടയിലും അവസാനവർഷ എം.ബി.ബി.എസ് പരീക്ഷ തുടരുമെന്ന് ആരോഗ്യ സർവകലാശാല. ആവശ്യത്തിന് പഠനക്ലാസുകൾ ലഭിച്ചില്ലെന്ന പരാതി സർവകലാശാല നിരാകരിച്ചു. സപ്ലിമെന്ററി പരീക്ഷ സെപ്തംബറിൽ നടത്തുമെന്നും അറിയിച്ചു.

വിദ്യാർത്ഥികൾ പരീക്ഷകൾ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞദിവസത്തെ പരീക്ഷ കൂട്ടത്തോടെ വിദ്യാർത്ഥികൾ ബഹിഷ്‌കരിച്ച പശ്ചാത്തലത്തിൽ പ്രിൻസിപ്പൽമാരുടെ യോഗമാണ് തീരുമാനമെടുത്തത്. ഒരു വർഷത്തെ ക്ലാസുകൾ ആറ് മാസം കൊണ്ട് എടുത്തു തീർത്തുവെന്നാണ് കുട്ടികളുടെ പരാതി.

പരീക്ഷകൾക്ക് മുമ്പ് 800 മണിക്കൂർ ക്ലാസെടുക്കണമെന്ന ചട്ടം പാലിച്ചില്ലെന്നും പരാതിയുയർന്നു. 500 മണിക്കൂർ മാത്രമാണ് ക്ലാസുകൾ നടന്നതെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ഹൗസ് സർജൻസി ദൈർഘ്യം ആഗസ്റ്റ് വരെയുണ്ടെങ്കിലും ശേഷിക്കുന്ന ക്ലാസുകൾ പൂർത്തിയാക്കാനോ പരീക്ഷയ്ക്ക് വേണ്ട തയാറെടുപ്പുകൾക്കോ സമയം അനുവദിച്ചില്ല. 3,600 പേർ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും 1,700 പേർ പരീക്ഷ എഴുതിയില്ല. വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവുമായി ഒരു വിഭാഗം വിദ്യാർത്ഥികൾ ഹൈക്കോടതിയെ വീണ്ടും സമീപിക്കും.