komaram

കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ക്ഷേത്രാങ്കണത്തിൽ രേവതി വിളക്ക് തെളിയും. നാളെ വൈകീട്ട് 4 ന് പതിനായിരങ്ങൾ അശ്വതി കാവു തീണ്ടും. രേവതി വിളക്ക് ദർശിക്കാൻ ഇന്നലെ മുതൽ ക്ഷേത്ര നഗരിയിലേക്ക് ഭക്തജനങ്ങൾ പ്രവഹിക്കുകയാണ്.
അരമണിയും കാൽച്ചിലമ്പുകളുമണിഞ്ഞ് കോമരങ്ങൾ ഉയർത്തിപ്പിടിച്ച വാളുമായി ദേവി ശരണം വിളിച്ച് ക്ഷേത്രത്തെ വലം വെച്ച് കോഴിക്കല്ലിന് മുന്നിൽ ഉറഞ്ഞു തുള്ളും. നഗരത്തിന് ഉത്സവഛായ പകർന്ന് മുളം തണ്ടുകളിൽ തളച്ചിട്ട് താനാരം .... തന്നാരം ഈണത്തിൽ ഭരണിപ്പാട്ടുകൾ പാടി കൂട്ടം കൂട്ടമായാണ് ഭക്തർ കാവു പൂകുന്നത്. രേവതി വിളക്ക് ഇന്ന് വൈകീട്ട് ആറരയ്ക്കാണ് തെളിയുക. തുടർന്ന് കൽമണ്ഡപങ്ങളിലും ദീപസ്തംഭത്തിലും ആയിരക്കണക്കിന് ദീപങ്ങൾ നിറഞ്ഞു കത്തും.
അശ്വതി നാളായ നാളെ രാവിലെ 11 ന് ക്ഷേത്രത്തിൽ ഉച്ചപൂജ കഴിഞ്ഞ് നടയടക്കും. തുടർന്ന് ക്ഷേത്രത്തിനകത്ത് പ്രസിദ്ധമായ തൃച്ചന്ദന ചാർത്ത് പൂജ ആരംഭിക്കും. അവകാശികളായ വിവിധ മഠങ്ങളിലെ അടികൾമാർ പൂജയ്ക്ക് നേതൃത്വം നൽകും. മൂന്ന് മണിക്കൂറിലേറെ നീളുന്ന പൂജ ക്ഷേത്രത്തിനകത്ത് നടക്കുമ്പോൾ ക്ഷേത്രാങ്കണത്തിലുള്ള കോമരങ്ങൾ എല്ലാം ഉറഞ്ഞു തുള്ളും.

പൂജ കഴിഞ്ഞ് അടികൾമാർ പുറത്തിറങ്ങുന്നതോടെ നാലിന് അശ്വതികാവു തീണ്ടലിനുള്ള അനുമതി കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ നൽകും. കോയ്മ ചുവന്ന പട്ടു കുട നിവർത്തുന്നതോടെ ഗോത്ര സംസ്‌കൃതിയുടെ ചടുല താളത്തിൽ അവകാശ തറകളിലും ക്ഷേത്രാങ്കണത്തിലും ഉറഞ്ഞു തുള്ളുന്ന കോമരക്കൂട്ടങ്ങളും ഭക്തജനങ്ങളും ക്ഷേത്രത്തിന് ചുറ്റും കുതിച്ചോടി അശ്വതി കാവുതീണ്ടും.