മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ നിർമ്മാണം പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനം
കൊടുങ്ങല്ലൂർ: നഗരസഭയിൽ മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രത്തിന്റെയും ടോയ്‌ലറ്റ് കോംപ്ലക്‌സിന്റെയും മിനി മെറ്റീരിയൽ കളക്ഷൻ സെന്ററുകളുടെയും ഉദ്ഘാടനം നടത്തി. ശൃംഗപുരം സെന്ററിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ലത ഉണ്ണിക്കൃഷ്ണൻ, എൽസി പോൾ, ഒ.എൻ. ജയദേവൻ, കൗൺസിലർമാരായ ടി.എസ്. സജീവൻ, സി.എസ്. സുവിന്ദ് , പി.എൻ. വിനയചന്ദ്രൻ, ഇ.ജെ. ഹിമേഷ്, ബീന ശിവദാസ് എന്നിവർ പ്രസംഗിച്ചു.
പദ്ധതി ഇങ്ങനെ
10.5 ലക്ഷം രൂപയാണ് വിശ്രമ കേന്ദ്രത്തിനും ടോയ്‌ലറ്റ് കോംപ്ലക്‌സിനുമായി വകയിരുത്തിയത്. ബസ് സ്റ്റാൻഡിന് സമീപം ഏഴ് ലക്ഷം രൂപ ചെലവിലും, ശൃംഗപുരം സെന്ററിൽ 3.5 ലക്ഷം രൂപ ചെലവിലുമാണ് വിശ്രമ കേന്ദ്രം നിർമ്മിച്ചത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉൾപ്പെടെ മൂന്ന് ടോയ്‌ലറ്റുകളാണ് ശൃംഗപുരത്ത് നിർമ്മാണം പൂർത്തീകരിച്ചത്. വാർഡുകളിലെ അജൈവ വസ്തുകൾ ശേഖരിച്ചത് താത്കാലികമായി സൂക്ഷിക്കുന്ന 22 മിനി എം.സി.എഫുകളുടെ (മെറ്റീരിയൽ കളക്ഷൻ സെന്ററുകൾ) നിർമ്മാണം പൂർത്തീകരിക്കാൻ 13.5 ലക്ഷം രൂപയാണ് ചെലവായത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ 7.82 ലക്ഷം രൂപ വിഹിതവും നഗരസഭയുടെ 5.63 ലക്ഷം രൂപയും ഉൾക്കൊള്ളുന്നതാണ് ആകെ പദ്ധതി അടങ്കൽ.