പുന്നക്കബസാർ സംസ്‌കാരിക കേന്ദ്രം
കയ്പമംഗലം: മതിലകം പുന്നക്കബസാർ സംസ്‌കാരിക കേന്ദ്രം കളിസ്ഥലത്തിനായി വാങ്ങിയ സ്ഥലത്തിന്റെ രേഖകൾ സ്ഥലമുടമയിൽ നിന്ന് 5ന് കായികമന്ത്രി വി. അബ്ദുൽറഹ്മാൻ ഏറ്റുവാങ്ങുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് ഇ.ടി. ടൈസൺ മാസ്റ്ററുടെ സാന്നിദ്ധ്യത്തിൽ പ്രദേശത്തെ കലാ - കായിക പ്രതിഭകളെ പങ്കെടുപ്പിക്കുന്ന ചടങ്ങിൽ മികച്ച സാമൂഹിക പ്രവർത്തകനുള്ള ഇയർ ഒഫ് ദി പേഴ്‌സൺ അവാർഡ് നേടിയ എം.എ. ഷിയാസ് കാതിക്കോടിനെ അനുമോദിക്കും. ദേശീയ പാത വികസനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങൾ ഒഴിഞ്ഞു പോകുന്നവർക്ക് യാത്രഅയപ്പും നൽകും. പ്രദേശത്തെ കലാ, കായിക, വിദ്യാഭ്യാസ ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന കൂട്ടായ്മ നാടിന് സ്വന്തമായൊരു കളിസ്ഥലം വേണമെന്ന ലക്ഷ്യത്തോടെയാണ് രണ്ട് കോടി രൂപ ചെലവിൽ കളിസ്ഥലമടക്കമുള്ള സാംസ്‌കാരിക കേന്ദ്രം ഒരുക്കുന്നത്. അതിനായാണ് പുന്നക്കബസാർ സെന്ററിൽ നിന്ന് രജിസ്ട്രാർ ഓഫീസ് റോഡിൽ 48 സെന്റ് സ്ഥലം വാങ്ങിയത്. വാർത്താ സമ്മേളനത്തിൽ എൻ.യു. ഹാഷിം, ഹംസ വൈപ്പിപ്പാടത്ത്, ഫാസിൽ ഹമീദ് കാക്കശേരി, കെ.എം. നൗഷാദ്, പി.എം. ഉമ്മർ എന്നിവർ പങ്കെടുത്തു.