ഗുരുവായൂർ: തിരുവെങ്കിടം അടിപ്പാതയുടെ നിർമ്മാണത്തിന് റെയിൽവേ വിശദമായ പദ്ധതി രേഖ തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി എൻ.കെ. അക്ബർ എം.എൽ.എയുടെ നേതൃത്വത്തിൽ റെയിൽവേ അധികൃതരും നഗരസഭ ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. നേരത്തെ അടച്ച തിരുവെങ്കിടം ഗേറ്റിന് താഴെയുള്ള ഭാഗത്ത് കൂടിയാണ് അടിപ്പാത വരുന്നത്. ഇപ്പോൾ തയ്യാറാക്കിയിട്ടുള്ള പ്രാഥമിക പ്ലാൻ അനുസരിച്ച് 5.5 മീറ്ററാണ് പാലത്തിന്റെ വീതി. ഇതിൽ ഒരു മീറ്റർ നടപ്പാതയാണ്. ഒമ്പത് അടിയാണ് ഉയരം. 2.75 മീറ്റർ ഉയരമുണ്ടാകും. പ്രദേശത്തെ വെള്ളക്കെട്ട് പരിഗണിച്ചാണ് പ്ലാൻ തയ്യാറാക്കുക. സാങ്കേതിക തടസങ്ങൾ നീക്കി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. ചെയർമാൻ എം. കൃഷ്ണദാസ്, സെക്രട്ടറി ബീന എസ്. കുമാർ, മുനിസിപ്പൽ എൻജീനീയർ ഇ. ലീല, റെയിൽവേ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ പി. അബ്ദുൾ അസീസ്, സീനിയർ സെക്ഷൻ എൻജിനീയർ എൻ.സി. മനോഹരൻ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം പരിശോധിച്ചത്.