തൃശൂർ: രസം പകരാൻ വാർത്തകളിൽ മസാല ചേർക്കുന്ന പ്രവണത കൂടിവരികയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു. തൃശൂർ പ്രസ് ക്ലബിന്റെ മീഡിയ ഡയറക്ടറി പ്രകാശനവും പ്രഥമ ജിയോ സ്മൃതി പുരസ്‌കാര സമർപ്പണവും എം.ആർ. നായർ മീഡിയ ഹാളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രസ് ക്ലബ് പ്രസിഡന്റ് കെ. പ്രഭാത് അദ്ധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ മീഡിയ ഡയറക്ടറിയുടെ ആദ്യപ്രതി ഏറ്റുവാങ്ങി. ഐ.സി.എൽ പ്രതിനിധി പി.എസ് ജനീഷ്, ജിയോസണ്ണിയുടെ പത്‌നി അനു.കെ. കൊച്ചു എന്നിവർ സംസാരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി എം.വി വിനീത സ്വാഗതവും ജോയിന്റ് സെക്രട്ടറി രഞ്ജിത് ബാലൻ നന്ദിയും പറഞ്ഞു. മുതിർന്ന മാദ്ധ്യമപ്രവർത്തകരായ എൻ. ശ്രീകുമാർ, എ. സേതുമാധവൻ, കെ. കൃഷ്ണകുമാർ, ഡേവീസ് പൈനാടത്ത്, ബി. ജ്യോതികുമാർ, കെ. പരമേശ്വരൻ, എം.കെ. കൃഷ്ണകുമാർ, പോൾ മാത്യു എന്നിവർ പങ്കെടുത്തു. ഹ്രസ്വചിത്ര മത്സരത്തിൽ സുധീഷ് ശിവങ്കരൻ, ശരത്ത് സുന്ദർ, അരുൺ കുന്നമ്പത്ത് എന്നിവർ യഥാക്രമം ആദ്യ മൂന്ന് പുരസ്‌കാരങ്ങളും അശ്വതി ഇതിക, നന്ദു എം. മോഹൻ, റാഫി നീലംകാവിൽ എന്നിവർ പ്രത്യേക ജൂറി പരാമർശത്തിനുള്ള പുരസ്‌കാരങ്ങളും ഏറ്റുവാങ്ങി.