ചാലക്കുടി: ജനങ്ങളുടെ വിശ്വാസ്യതയിൽ കെട്ടിപ്പടുത്തതാണ് സഹകരണ പ്രസ്ഥാനമെന്നും അതിനെ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആർ. ബിന്ദു. ആളൂർ സർവീസ് സഹകരണ ബാങ്കിന്റെ വെള്ളാഞ്ചിറ ശാഖയ്ക്കായി നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രാദേശിക സാമ്പത്തിക വളർച്ചയെ ആഴത്തിൽ സ്വാധീനിക്കുന്ന സഹകരണ മേഖലയുടെ കരുത്ത് ഊട്ടിയുറപ്പിക്കലാണ് എൽ.ഡി.എഫ് സർക്കാർ നടത്തുന്നത്. ഇതിനു വേണ്ടിയാണ് കേരള ബാങ്കിന്റെ രൂപീകരണം. നവകേരള സൃഷ്ടിക്കും സഹകരണ മേഖല കരുത്താകുന്നുണ്ട്-മന്ത്രി തുടർന്നു പറഞ്ഞു. സ്‌ട്രോംഗ് റൂമിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ നെറ്റ് ബാങ്കിംഗ് ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ ആദ്യ നിക്ഷേപ സ്വീകരണവും നടത്തി. ബാങ്ക് പ്രസിഡന്റ് എ.ആർ. ഡേവിസ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.എം. ബാബു, സെക്രട്ടറി എ.ടി. ഉണ്ണിക്കൃഷ്ണൻ, അസി.രജിസ്ട്രാർ വി.ബി. ദേവരാജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി സരേഷ്, ജോസ് മാഞ്ഞൂരാൻ, എം.എസ്. മൊയ്തീൻ, എൻ.ജെ. ജോയ് എന്നിവർ പ്രസംഗിച്ചു.