ഇരിങ്ങാലക്കുട: കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇപ്പോൾ ഉയർന്നിട്ടുള്ള വിവാദങ്ങൾക്ക് കാരണം ക്ഷേത്ര ഭരണസമിതിയുടെ ജാഗ്രതകുറവാണെന്ന് സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി അഭിപ്രായപ്പെട്ടു. നിബന്ധനകൾ പാലിച്ച് പ്രോഗ്രാം അവതരിപ്പിക്കാൻ അപേക്ഷ ക്ഷണിച്ചതിന് ശേഷം ലഭിച്ച അപേക്ഷകളിൽ സൂക്ഷമപരിശോധന നടത്തണം. മാത്രമല്ല അവതാരകർ ക്ഷേത്ര നിബന്ധനകൾ പാലിച്ച് പരിപാടി അവതരിപ്പിക്കാൻ തയ്യാറാണെന്ന് ഉറപ്പു നൽകും വിധം കരാറിലേർപ്പെടണമെന്ന വ്യവസ്ഥയും പാലിച്ചെങ്കിൽ മാത്രമേ പ്രോഗ്രാം ചാർട്ട്‌ ചെയ്ത് നോട്ടീസ് പ്രസിദ്ധീകരിക്കുവാനും പാടുള്ളു. ഇതൊക്കെ ക്ഷേത്രഭരണസമിതിയും പ്രോഗ്രാം കമ്മിറ്റിയും നിസാരവത്കരിച്ചതാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ച കലാപരിപാടികൾ ദേശീയ സംഗീത നൃത്ത വാദ്യോത്സവമായി 2018 മുതൽ നടത്തിവരുന്നുണ്ടെങ്കിലും മതത്തിന്റെ പേരിൽ കലാകാരന്മാർക്ക് അവസരം നിഷേധിക്കുന്നത് കേരള സമൂഹത്തിന് ചേർന്നതല്ല. ക്ഷേത്രമതിൽക്കെട്ടിനകത്ത് നടക്കുന്ന പരിപാടികളായതിനാൽ ദേവസ്വം ഭരണസമിതിക്കു പുറമെ തന്ത്രിമാർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. കലാകാരന്മാരെ മതങ്ങൾക്കതീതമായി കാണാനും കലാവതരണം നടത്താനും കഴിയുംവിധം ഉചിതമായ തീരുമാനമെടുക്കാൻ തന്ത്രി കുടുംബങ്ങളിലെ അംഗങ്ങൾ തയ്യാറാകണമെന്ന് പി. മണി വാർത്താ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.