news
കുന്നംകുളം ഹൈടെക് പൊലീസ് സ്റ്റേഷൻ.

കുന്നംകുളം: അത്യാധുനിക സൗകര്യങ്ങളോടുകൂടി പണി കഴിപ്പിച്ചിട്ടുള്ള കുന്നംകുളത്തെ ഹൈടെക്ക് പൊലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിക്കുന്നു. നിലവിൽ ഗുരുവായൂർ റോഡിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന പൊലീസ് സ്റ്റേഷൻ കുന്നംകുളം-തൃശൂർ റോഡിലെ ഹൈടെക്ക് പൊലീസ് സ്റ്റേഷൻ മന്ദിരത്തിലേയ്ക്ക് മാറാൻ ഗസറ്റ് വിജ്ഞാപനമായി. മുൻമന്ത്രിയും സ്ഥലം എം.എൽ.എയുമായ എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1.5 കോടി രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം മൂന്ന് ദിവസത്തിനകം ആരംഭിക്കാനാകുമെന്ന് എം.എൽ.എ അറിയിച്ചിട്ടുണ്ട്.
പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് തങ്ങളുടെ പരാതികളും പ്രയാസങ്ങളും നിർഭയമായി അവതരിപ്പിക്കാവുന്ന ജനസൗഹൃദ അന്തരീക്ഷം തീർക്കുന്നതോടൊപ്പം തന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് അവരിലർപ്പിതമായ ഔദ്യോഗിക ഉത്തരവാദിത്വം ആയസരഹിതവും സമയബന്ധിതവുമായി തീർക്കാവുന്ന അന്തരീക്ഷം കൂടിയുണ്ടാക്കുന്ന ഒരു മാതൃക പൊലീസ് സ്റ്റേഷൻ എന്ന നിലയിലേയ്ക്ക് ഉള്ള രൂപകൽപ്പനയും സംവിധാനങ്ങളുമാണ് കുന്നംകുളത്തെ ഹൈടെക്ക് പൊലീസ് സ്റ്റേഷനിലുള്ളത്.

ഒരുക്കിയത് ഹൈടെക് സംവിധാനങ്ങൾ
പൊലീസ് സംവിധാനത്തിനാവശ്യമായ ആധുനിക സംവിധാനങ്ങൾ കൂടാതെ, പൊതുജനങ്ങൾക്കുള്ള സന്ദർശക മുറി, സ്വീകരണ കേന്ദ്രം, ശിശു സൗഹൃദ മുറികൾ, ടോയ്‌ലെറ്റ് സൗകര്യങ്ങൾ എന്നിവ ഹൈടെക്ക് പൊലീസ് സ്റ്റേഷൻ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. മുകളിലത്തെ നില കൂടി പൂർത്തിയാകുന്നതോടെ പൊലീസ് സേനാംഗങ്ങൾക്ക് വിശ്രമത്തിനും വ്യായാമത്തിനും വായനയ്ക്കുമുള്ള സൗകര്യങ്ങളും ലിഫ്റ്റും ഇതോടൊപ്പം ചേരും.