കാക്കിനിക്കാട് കാട്ടാനക്കൂട്ടം നശിപ്പിച്ച വാഴത്തോട്ടം.
വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ കാക്കിനിക്കാട് പ്രദേശങ്ങളിൽ വീണ്ടും കാട്ടാന ഇറങ്ങി. കാക്കിനിക്കാടുള്ള വടക്കേമുക്കിൽ വലിയതോട് എന്ന സ്ഥലത്തെ ഫാമിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. വിളവെടുക്കാൻ പ്രായമായ വാഴകൾ പൂർണമായും നശിപ്പിച്ചു. മലയോര പ്രദേശമായ ആദിവാസി കോളനിക്കടുത്താണ് കാട്ടാനകൾ ഇറങ്ങിയത്. കാടുകളിൽ നിന്നും പച്ചമരുന്നുകളും തേനും ശേഖരിക്കുന്ന ആദിവാസികൾ വനത്തിൽ പ്രവേശിക്കാൻ കഴിയാതെ ഏറെ ഭീതിയിലാണ്. ആനകൾ നാട്ടിലേക്ക് ഇറങ്ങി വരാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.