sms
സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ.ശങ്കർദാസിനെ ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ പൊന്നാട അണിയിക്കുന്നു.

ചാലക്കുടി: സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഫണ്ട് അനുവദിച്ച കലാഭവൻ മണി സ്മാരകം യാഥാർത്ഥ്യമാക്കണമെന്ന് സാംബവ മഹാസഭ കൂടപ്പുഴ ശാഖ സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു സ്മാരകത്തിന്റെ പണി ഇനിയും തുടങ്ങാത്തത് കലാഭവൻ മണിയോടും നാടൻകലകളോടുമുള്ള അവഗണനയാണെന്ന് സമ്മേളനം കുറ്റപ്പെടുത്തി. പ്രസിഡന്റ് പി.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ഠരുമഠത്തിൽ ഉദ്ഘാടനം ചെയ്തു. നാലരപ്പതിറ്റാണ്ടായി സംഘടനാരംഗത്ത് പ്രവർത്തിക്കുന്ന സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് പി.കെ. ശങ്കർദാസിനെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ചു. ബാലപ്രതിഭ പുരസ്‌കാരം ആയൂഷ് കെ. അജിക്ക് സമ്മാനിച്ചു. ജില്ലാ സെക്രട്ടറി പി.എസ്. ദിലീപ് കുമാർ, താലൂക്ക് സെക്രട്ടറി വി.എം. സുബ്രൻ, കലാഭവൻ ജയൻ, ശാഖ സെക്രട്ടറി കെ.വി. അജി, എം.എൻ. വേലായുധൻ, പി.കെ.സാജൻ, പൊന്നമ്മ മണീധരൻ, പി.കെ.അതിശൻ, ദേവകി മാക്കു, എം.സി. മണീധരൻ തുടങ്ങിയവർ സംസാരിച്ചു.