അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന്
കൊടുങ്ങല്ലൂർ: അഴീക്കോട് ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. ഫിഷറിസ് ഡയറക്ടർ അദീല അബ്ദുള്ള റിപ്പോർട്ട് അവതരിപ്പിക്കും. ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ സംസാരിക്കും.
തീരപ്രദേശത്ത് ശാസ്ത്രീയ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും കടൽ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമാണ് ആലപ്പുഴ, തൃശൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽ പുതുതായി ഫിഷറീസ് സ്റ്റേഷനുകൾ അനുവദിച്ചത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കും. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനാകും.
ഫിഷറീസ് സ്റ്റേഷന്റെ പ്രവർത്തനം ഇങ്ങനെ
സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം നടപ്പിലാക്കുന്നതോടൊപ്പം കടൽ രക്ഷാപ്രവർത്തനം ജില്ലാതലത്തിൽ ഏകോപിപ്പിക്കുന്നതും കാലാവസ്ഥാ മുന്നറിയിപ്പുകൾ മത്സ്യത്തൊഴിലാളികൾക്ക് യഥാസമയം എത്തിക്കുന്നതും ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന റോബോട്ടും പരിശീലനം സിദ്ധിച്ച ലൈഫ് ഗാർഡുകളുടെ സേവനവും ഫിഷറീസ് സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. മത്സ്യബന്ധന തൊഴിലാളികൾക്കും യാനങ്ങൾക്കും കടലിൽ ആവശ്യമായ സുരക്ഷ വേഗത്തിൽ ഉറപ്പാക്കുക എന്നതാണ് ഫിഷറീസ് സ്റ്റേഷന്റെ പ്രധാന ലക്ഷ്യം. ബോട്ടുകളുടെ ലൈസൻസ് സംബന്ധമായ പരിശോധനയും അനധികൃത മീൻപിടിത്തം തടയുകയും ചെയ്യും. സ്റ്റേഷൻ പ്രവർത്തന സജ്ജമാകുന്നതോടെ കടലിലെ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ സാധിക്കും.