തൃശൂർ: പൂരം പ്രദർശനത്തിന് സമാന്തരമായി സർക്കാർ എക്‌സിബിഷൻ നടത്താനുള്ള നീക്കം പൂരത്തെ തകർക്കാനുള്ള നീക്കമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.കെ അനീഷ് കുമാർ. പൂരം പ്രദർശനം തട്ടിയെടുക്കാൻ സർക്കാരും കൊച്ചിൻ ദേവസ്വം ബോർഡും വർഷങ്ങളായി ശ്രമം നടത്തിവരികയാണ്. അത് വിജയിക്കാതായപ്പോഴാണ് സമാന്തര എക്‌സിബിഷൻ സംഘടിപ്പിക്കുന്നത്. തൃശൂർ പൂരം സംഘാടകരുടെ പ്രധാന വരുമാനം പൂരം പ്രദർശനമാണ്. കഴിഞ്ഞ രണ്ട് വർഷം മുടങ്ങിയ പൂരം ഇക്കുറി ഭംഗിയായി നടക്കണമെങ്കിൽ എക്‌സിബിഷൻ ലാഭകരമാകണം. അതിനാണ് ഇപ്പോൾ സർക്കാർ തുരങ്കം വയ്ക്കുന്നത്. സമാന്തര എക്‌സിബിഷൻ നടത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അനീഷ് കുമാർ ആവശ്യപ്പെട്ടു.