
ചേർപ്പ്: 44 വർഷത്തിന് ശേഷം കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലുള്ള പെരുവനം തൊടുകുളം നവീകരിക്കുന്നു. 64 സെന്റ് വിസ്തീർണ്ണമുള്ള കുളം പൂർണമായും വറ്റിക്കുന്ന പ്രവർത്തനമാണ് നടക്കുന്നത്. പെരുവനം പൂരത്തിൽ പങ്കെടുക്കുന്ന ദേവിമാരുടെ ആറാട്ട് നടക്കുന്നത് തൊടുകുളത്തിലാണ്. ജലസ്രോതസുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കെ.എൽ.ഡി.സിയാണ് 63 ലക്ഷം രൂപാ ചെലവിൽ നവീകരണം നടത്തുന്നത്. വെള്ളം വറ്റിച്ച് ചെളി നീക്കി ആഴം കൂട്ടി ചുറ്റുമതിൽ കെട്ടി കൽപ്പടവുകൾ ശരിയാക്കി നടപ്പാത നിർമ്മിച്ച് മോടി പിടിപ്പിക്കും. വേനൽക്കാലത്ത് പരിസരത്തെ നിരവധി വീടുകളിലെ കിണറുകളിലെ വെള്ളം വറ്റാതിരിക്കാൻ ഈ ജലാശയം കാരണമാകുന്നു. നിരവധി പേർ കുളിക്കാനായും ഈ കുളത്തിലെത്തുന്നുണ്ട്. പെരുവനത്തിന്റെ ഗ്രാമ്യഭംഗിക്കും മാറ്റു കൂട്ടുന്നുണ്ട് ഈ കുളം.