തൃശൂർ: ഗ്രൂപ്പ് രാഷ്ട്രീയം ഇനി വിലപ്പോകില്ലെന്നും തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണം യു.ഡി.എഫിന്റെ വീഴ്ചകളാണെന്നും കേരള കോൺഗ്രസ് ജേക്കബ് പാർട്ടി ലീഡറും എം.എൽ.എയുമായ അനൂപ് ജേക്കബ്.
കേരള കോൺഗ്രസ് ജേക്കബ് ജില്ലാ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അനൂപ് ജേക്കബ്. യു.ഡി.എഫിൽ വീഴ്ചകളുണ്ട്. ഉൾപ്പാർട്ടി ജനാധിപത്യം നല്ലതാണ്. ചാനലുകൾക്ക് മുന്നിൽ വന്ന് വിളമ്പുന്നതല്ല ഉൾപ്പാർട്ടി ജനാധിപത്യം. വീഴ്ചകൾ ചർച്ച ചെയ്ത് പരിഹരിക്കണം. കാലം മാറിയത് എല്ലാവരും തിരിച്ചറിഞ്ഞ് പ്രവർത്തിക്കണം. അല്ലെങ്കിൽ ജനം തള്ളിക്കളയും. വേഗത്തെ എതിർക്കുന്നില്ലെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള കെ റെയിൽ പദ്ധതിയല്ല ഇപ്പോൾ ആവശ്യം. നിലവിലെ ട്രാക്ക് വികസിപ്പിച്ച് പാത നേരെയാക്കലാണ് വേണ്ടത്. എന്തിന് മുൻഗണന നൽകണമെന്ന് പോലും കണ്ടെത്താൻ പരാജയപ്പെട്ടൊരു സർക്കാരാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടി ജില്ലാ പ്രസിഡന്റ് പി.എം.ഏലിയാസ് അദ്ധ്യക്ഷത വഹിച്ചു.