തൃശൂർ: ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി കാർഡ് ലഭ്യമാക്കാൻ സംസ്ഥാനതലത്തിൽ ഡ്രൈവ് നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മേയ് 15നകം പരമാവധി ഭിന്നശേഷിക്കാർക്ക് കാർഡിനായുള്ള രജിസ്‌ട്രേഷൻ പൂർത്തീകരിക്കാൻ അവസരം ഒരുക്കാനാണ് ഡ്രൈവ്. നിലവിൽ രജിസ്റ്റർ ചെയ്തവർക്കുള്ള കാർഡുകൾ ഇതോടൊപ്പം ലഭ്യമാക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ഡ്രൈവ് നടത്തുക. 2015ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് എട്ടുലക്ഷത്തിൽപ്പരം ഭിന്നശേഷിക്കാർ ഉണ്ടെന്നാണ് കണക്ക്. എന്നാൽ നിലവിൽ യു.ഡി.ഐ.ഡി കാർഡ് ലഭിച്ചവരുടെ എണ്ണം 1,60,000 മാത്രമാണ്. ഭിന്നശേഷി വിഭാഗക്കാർക്ക് ഏത് ആനുകൂല്യം ലഭിക്കാനും കാർഡ് നിർബന്ധമാണ്. അതിനാലാണ് പരമാവധി പേർക്ക് കാർഡ് ലഭ്യമാക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്. ഇക്കാര്യം ആലോചിക്കാൻ ചേർന്ന ഉന്നതതല യോഗത്തിനുശേഷം മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
യോഗത്തിൽ സാമൂഹികനീതി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്ജ്, ഭിന്നശേഷി കമ്മിഷണർ, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷനിലെയും സാമൂഹിക നീതി ഡയറക്ടറേറ്റിലെയും ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.