കയ്പമംഗലം: അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബാളിൽ പരിശീലനം നൽകുന്നതിനായി ഓൾ ഇന്ത്യ ഫെഡറേഷനും ഫിഫയുമായി കരാറിലേർപ്പെട്ടിട്ടുണ്ടെന്ന് കായികമന്ത്രി വി.അബ്ദു റഹ്മാൻ പറഞ്ഞു. പുന്നക്കബസാർ സാംസ്കാരിക കേന്ദ്രത്തിന്റെ നാടിന് ഒരു കളിസ്ഥലം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ജനങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ 1,200 കോടിയാണ് കളിക്കളം നിർമ്മിക്കാനായി മാറ്റിവച്ചത്. സംസ്ഥാനത്ത് ചെറുതും വലുതുമായി 52 സ്റ്റേഡിയങ്ങൾ കൂടി ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സ്ഥലം ഉടമ സുബൈർ വട്ടപ്പറമ്പിൽ നിന്നും ആസിഫ് കാക്കശ്ശേരി കളിസ്ഥലത്തിന്റെ രേഖകൾ ഏറ്റുവാങ്ങി. പുന്നക്കബസാർ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്റ് എൻ.യു.ഹാഷിം, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്.ജയ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ഹംസ വൈപ്പിപ്പാടത്ത് , ഫാസിൽ ഹമീദ്, സി.എം.ഉമ്മർ എന്നിവർ സംസാരിച്ചു.