കയ്പമംഗലം: നവോത്ഥാന മൂല്യങ്ങളിലൂടെ വളർന്നുവന്ന സമരമാർഗങ്ങളിലൂടെയാണ് വിദ്യാഭ്യാസ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മുൻപന്തിയിലെത്തിയതെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ. കയ്പമംഗലം നിയോജകമണ്ഡലം വിദ്യാഭ്യാസ സമിതിയുടെ അക്ഷരകൈരളി സ്‌നേഹാദരം യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നതർക്ക് മാത്രം പ്രാപ്യമായ വിദ്യാഭ്യാസം സാധാരണക്കാർക്ക് അനുഭവവേദ്യമാക്കിയതും സാക്ഷരകേരളം എന്ന വാക്ക് ഉപയോഗിക്കാൻ സാധിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്. സമ്പൂർണ്ണ സാക്ഷരത നിലനിറുത്താനുള്ള ശ്രമങ്ങളാണ് സംസ്ഥാന സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലായി സുസ്ത്യർഹസേവനം കാഴ്ച്ചവെച്ച 47 അദ്ധ്യാപകർക്കാണ് കയ്പമംഗലം മണ്ഡലത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയായ അക്ഷരകൈരളിയുടെ നേതൃത്വത്തിൽ സ്‌നേഹാദരം നൽകിയത്. മന്ത്രി സർവീസിൽ നിന്ന് വിരമിച്ചവരെ മൊമന്റോ നൽകി ആദരിച്ചു. ഇ.ടി.ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം വൈസ് ചാൻസലർ ഡോ.ടി.കെ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ടി.എസ് സജീവൻ, മതിലകം പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു രാധാകൃഷ്ണൻ, വിനീത മോഹൻദാസ്, വി.എസ് സൂരജ് തുടങ്ങിയവർ പങ്കെടുത്തു.