കുന്നംകുളം: സ്വാശ്രയ കുടിവെള്ള പദ്ധതിയുടെ മോട്ടോറിന്റെ പ്രവർത്തനം നിയന്ത്രിക്കാൻ മൊബൈൽ ആപ്പ്. കടവല്ലൂർ പഞ്ചായത്തിലെ പരുവക്കുന്നിലെ 280 വീട്ടുകാർ ഉപയോഗിക്കുന്ന കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് കരിക്കാട് നിവാസികളായ ഒ.ജി. ഗോകുൽ, വി.എച്ച്. ഷുഹൈൻ എന്നിവരുടെ സ്റ്റാർട്ട് അപ്പ് സംരംഭമായ ഓട്ടിയോ എന്ന കമ്പനി മൊബൈൽ ആപ്പ് നിർമ്മിച്ചത്. ആപ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രൻ നിർവഹിച്ചു. കുടിവെള്ള പദ്ധതിയുടെ ടാങ്ക് പരുവക്കുന്നിലും കുഴൽക്കിണറും മോട്ടോറും കരിക്കാടുമാണ് സ്ഥിതി ചെയ്യുന്നത്. മോട്ടോർ പരിശോധിക്കുന്നതിനും വൈദ്യുതി നിലയ്ക്കുമ്പോൾ വീണ്ടും പ്രവർത്തിപ്പിക്കുന്നതിനും 2 കിലോ മീറ്ററോളം പോകേണ്ട അവസ്ഥ ഉണ്ടായിരുന്നു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് ഇത് തടസമായപ്പോൾ പരുവക്കുന്ന് വാർഡ് അംഗം പി.വി. ജയകുമാർ കണ്ടെത്തിയ ആശയമായിരുന്നു മൊബൈൽ ആപ്പ് നിർമ്മിക്കുക എന്നത്. ആപ്പ് വഴിയാണ് ഇപ്പോൾ മോട്ടോർ നിയന്ത്രിക്കുന്നതും വൈദ്യുതി ബന്ധം ഉണ്ടോ എന്ന് പരിശോധിക്കുന്നതും. ടാങ്കിലെ വെള്ളം നിയന്ത്രിക്കുക, വാൾവുകൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളും താമസിയാതെ ആപ്പിൽ ഉൾപ്പെടുത്തും. ഇതോടെ ഓപ്പറേറ്റർ ഇല്ലാതെ പദ്ധതി പ്രവർത്തിപ്പിക്കാൻ കഴിയും.