താഴെക്കാട്: താഴെക്കാട് കണ്ണിക്കരയിൽ അജ്ഞാത ജീവിയുടെ ആക്രമണത്തിൽ ആടുകൾ ചത്തു. കണ്ണിക്കര ചാതേലി ലോനപ്പൻ ജെരാർദ്ദ് എന്ന കർഷകന്റെ ആടുകളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. 30 ഓളം ആടുകളുള്ള ജെരാർദ്ദിന്റെ വീട്ടിൽ പുതുതായി വാങ്ങിയ അഞ്ച് ആടുകളെ കൂടിന് പുറത്താണ് കെട്ടിയിരുന്നത്. ഇന്നലെ രാവിലെ നോക്കിയപ്പോഴാണ് ആടുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. രണ്ട് ആടുകളുടെ മാംസം കടിച്ച് പറിച്ച അവസ്ഥയിലാണ്. മറ്റുള്ളവയ്ക്ക് വലിയ പരിക്കുകൾ ഇല്ലെങ്കിലും ചത്തിരുന്നു. പ്രദേശത്ത് തെരുവ് നായ്ക്കളുടെയും കുറുക്കന്മാരുടെയും ശല്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇത്തരത്തിലുള്ള ആക്രമണം ആവർത്തിക്കാതിരിക്കാൻ അധികാരികൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശത്തെ കർഷകർ ആവശ്യപ്പെട്ടു.