1
തെക്കുംകര പഞ്ചായത്തിലെ കല്ലംകൂട്ടത്ത് മണ്ണ് കടത്തുന്നതിടെ ലോറി മറിഞ്ഞപ്പോൾ.

വടക്കാഞ്ചേരി: തെക്കുംകര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ വ്യാപകമായി മണ്ണെടുക്കുന്നതായി പരാതി. ജെ.സി.ബി ഉപയോഗിച്ച് വലിയ കുന്നുകളും മലകളും ഇടിച്ച് നിരത്തിയാണ് മണ്ണെടുക്കുന്നത്. വലിയ ടോറസ് വാഹനങ്ങളിലും ടിപ്പർ ലോറികളിലുമായാണ് മണ്ണ് കടത്തിക്കൊണ്ടുപോകുന്നത്. ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് മണ്ണെടുക്കുന്നതെന്ന് തെക്കുംകര വില്ലേജ് ഓഫീസർ പറഞ്ഞു. തെക്കുംകര പഞ്ചായത്തിലെ ഏറെ ദുർബലമായ പ്രദേശങ്ങളിൽ നിന്നാണ് മണ്ണടുക്കുന്നത്. തെക്കുംകര പഞ്ചായത്തിലെ കുറാഞ്ചേരിയിൽ ഉരുൾപ്പൊട്ടി 19 പേർ മരിക്കാനിടയായ സംഭവത്തിന് ശേഷം മണ്ണെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. വിലക്കിനെയെല്ലാം മറികടന്നാണ് വൻതോതിലുളള മണ്ണെടുപ്പ്. ഇതിനു പിന്നിൽ വൻ മണ്ണ്മാഫിയ പ്രവർത്തിക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. ഇനിയും ഒരു ദുരന്തം ഉണ്ടാകുമോ എന്ന ഭീതിയിലാണ് നാട്ടുകാർ. അവധി ദിവസങ്ങളിലും രാത്രിയിലും വാഹനങ്ങളുടെ മരണപാച്ചിലാണെന്ന് പറയപ്പെടുന്നു.
ഇതിനിടെ തെക്കുംകര പഞ്ചായത്തിലെ കല്ലംകുണ്ട് പ്രദേശത്ത് മണ്ണെടുത്ത് കടത്തുന്നതിനിടെ വാഹനം കുന്നിൽ മുകളിൽ നിന്നും താഴെ വീണ് ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നിൻ മുകളിൽ നിന്നും മണ്ണെടുത്ത ശേഷം ടാർപ്പായ ഇട്ടു മൂടുന്നതിനിടെ വാഹനം നിയന്ത്രണം വിട്ട് താഴേ്ക്ക് മറിയുകയായിരുന്നു. വാഹനത്തിന്റെ ഹാൻഡ് ബ്രേക്ക് ഇടാഞ്ഞതാണ് അപകട കാരണം. അനധികൃതമായി മണ്ണെടുക്കുന്നവർക്കെതിരെ കർശന നടപടി പൊലീസും റവന്യു വകുപ്പും സ്വീകരിക്കണമെന്ന് തെക്കുംകര പഞ്ചായത്ത് മെമ്പർ കെ. രാമചന്ദ്രൻ ആവശ്യപ്പെട്ടു.

വീടുവയ്ക്കാനെന്ന വ്യാജേന മണ്ണെടുക്കാൻ അനുമതി വാങ്ങി വൻതോതിൽ കുന്നുകൾ ഇടിച്ചു നിരത്തുകയാണ്. അനുമതി നൽകുന്ന ജിയോളജി വിഭാഗം സ്ഥലം പരിശോധിക്കുന്നില്ല.
-സമീപവാസികൾ.