12ന് ജനകീയ കൺവെൻഷൻ
തൃപ്രയാർ: വലപ്പാട് കോതകുളം ബീച്ചിൽ ഫിഷിംഗ് ഹാർബർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് 12ന് ജനകീയ കൺവെൻഷൻ നടത്തും. വൈകിട്ട് 4ന് വലപ്പാട് ബീച്ച് കൊടിയംമ്പുഴ മൈതാനിയിലാണ് കൺവെൻഷൻ ചേരുക. ഇക്കൊല്ലത്തെ സംസ്ഥാന ബഡ്ജറ്റിൽ ഹാർബർ സ്ഥാപിക്കുന്നതിനാവശ്യമായ പ്രാഥമിക പഠനം നടത്തുന്നതിന് 65 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. അനുകൂല സാഹചര്യം ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ ആവശ്യം ശക്തിപ്പെടുത്തുന്നതിനും ആവശ്യം നേടിയെടുക്കുന്നതിനുമാണ് കൺവെൻഷൻ ചേരുന്നതെന്ന് സംഘാടക സമിതി ചെയർമാൻ പി.ആർ. കറപ്പൻ, ജന കൺവീനർ വി.വി. വിജയൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഘാടകസമിതി ഭാരവാഹികളായ കെ.കെ. രമേഷ്, എൻ.കെ. ഭീതിഹരൻ, പി.വി. ജനാർദ്ദനൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ഫിഷിംഗ് ഹാർബറെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കം
ജില്ലയുടെ മദ്ധ്യഭാഗമായ വലപ്പാട് - നാട്ടിക ഭാഗത്ത് ഫിഷിംഗ് ഹാർബർ സ്ഥാപിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഈ ആവശ്യം മുൻനിറുത്തി 1996ൽ നാട്ടികയിൽ മത്സ്യതൊഴിലാളികൾ കൺവെൻഷൻ സംഘടിപ്പിച്ചിരുന്നു. മേഖലയിലുള്ള എല്ലാ മത്സ്യബന്ധന യാനങ്ങൾ കൃത്യമായി മത്സ്യഫെഡിൽ ലേലകമ്മീഷൻ അടക്കുന്നുണ്ട്. മൂവായിരത്തിലധികം മത്സ്യതൊഴിലാളികളും അത്ര തന്നെ അനുബന്ധതൊഴിലാളികളും ഇവിടെ തൊഴിലെടുക്കുന്നുണ്ട്. മറ്റുജില്ലകളിൽ മൂന്നും നാലും ഹാർബറുകളുള്ളപ്പോൾ ജില്ലയിൽ ഒരു ഹാർബർ മാത്രമാണുള്ളത്. കോതകുളത്ത് ഒരു ഹാർബർ ഉണ്ടായാൽ തൊഴിലാളികളുടെ അദ്ധ്വാനഭാരം ഗണ്യമായി കുറയും. കോതകുളം ബീച്ചിൽ ആറ് ഏക്കറിലധികം സ്ഥലം സർക്കാരിന്റേതായുണ്ട്. ഏകദേശം 100 കോടിയോളം രൂപ ചെലവുവരുന്ന പദ്ധതിയാണിത്. ആവശ്യം അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് 2017ൽ ഫിഷറീസ് നിയമസഭാ സമിതിക്കു മുമ്പാകെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിവേദനം നൽകിയിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. അന്നത്തെ എം.എൽ.എയായിരുന്ന ഗീത ഗോപിയും ടി.എൻ. പ്രതാപൻ എം.പിയും ഇക്കാര്യത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു.