തൃശൂർ: വേതനം ഇല്ല, ജവഹർ ബാലഭവൻ അവധിക്കാലക്യാമ്പിനിടെ (കളിവീട് 2022) അനിശ്ചിതകാല സമരത്തിനൊരുങ്ങി ജീവനക്കാർ. 11 സ്ഥിരം ജീവനക്കാർക്കും പത്ത് താത്കാലിക ജീവനക്കാർക്കുമാണ് അഞ്ചരമാസമായി വേതനം ലഭിക്കാത്തത്. ഈമാസം 18 മുതൽ അനിശ്ചിതകാല പണിമുടക്ക് സമരമാണ് ജീവിക്കാനായി ഇവർ നടത്തുന്നത്.
അനിശ്ചിതകാല പണിമുടക്ക് നോട്ടീസ് ബാലഭവൻ ചെയർമാനായ കളക്ടർക്കും സാംസ്‌കാരിക വകുപ്പ് ഡയറക്ടർക്കും നൽകിക്കഴിഞ്ഞു. നിരന്തരം വഞ്ചിക്കുന്ന നിലപാട് തുടരുന്നത് മൂലമാണ് അവധിക്കാല ക്യാമ്പ് ദിനങ്ങളിൽ പോലും സമരം നടത്താൻ ഇവർ തയ്യാറായിട്ടുള്ളത്. 2022 - 23 സാമ്പത്തിക വർഷത്തിൽ മാർച്ച് 31നകം കുടിശിക മുഴുവൻ തീർത്തുതരാമെന്നായിരുന്നു ഡയറക്ടറുടെ വാദം. പിന്നീട് മാർച്ച് 31നകം ഒരു മാസത്തെ ശമ്പളത്തുക നൽകമെന്നായി ഡയറക്ടറുടെ നിലപാട്. എന്നാൽ ഇതും നടപ്പായില്ല.
പുതിയ സാമ്പത്തിക വർഷത്തിൽ ലഭിക്കുന്ന ആദ്യഗഡു തുക വാങ്ങി കുടിശികയിൽ കുറച്ച് തന്നുതീർക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. എന്നാൽ പൂർണമായി വേതനം ലഭിക്കാതെ പറ്റില്ലെന്നാണ് ജീവനക്കാരുടെ നിലപാട്. ഇതോടെ ബാലഭവനിലെ 21 ഓളം ജീവനക്കാരുടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ്.
ശമ്പളമില്ല
പ്രിൻസിപ്പൽ തസ്തിക സ്ഥീരമാക്കാൻ നീക്കം
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും താത്കാലികമായ പ്രിൻസിപ്പൽ തസ്തിക സ്ഥിരപ്പെടുത്താനുള്ള നീക്കവും തകൃതി. ശമ്പളത്തിന് പുറമേ 2008ലെയും 2017ലെയും ശമ്പള പരിഷ്‌കരണ കുടിശികയുമായി 1.30 കോടി രൂപയും ജീവനക്കാർക്ക് കിട്ടാനുണ്ട്. പ്രിൻസിപ്പൽ തസ്തിക വേണമെങ്കിലും നിലവിലെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതിന് ശേഷം സ്ഥിരപ്പെടുത്തിയാൽ മതിയെന്ന നിലപാടാണ് ജീവനക്കാർക്കുള്ളത്. ദൈന്യംദിന ഭരണ ചുമതല വഹിക്കുന്ന ഭരണസമിതിയിലെ എക്‌സിക്യൂട്ടിവ് ഡയറക്ടർക്കും പ്രിൻസിപ്പലിനും നൽകുന്ന ഓണറേറിയവും കുടിശികയാണ്.
സമരം പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ വൈകീട്ട് എട്ടുലക്ഷം രൂപയുടെ ഗ്രാന്റ് ലഭിച്ചു. രണ്ട് മാസത്തെ ശമ്പളം നൽകാനുള്ള തുക മാത്രമാണിത്. ഒരു മാസത്തെ ശമ്പളം പ്ലാൻ ഫണ്ടിൽ നിന്ന് നൽകാമെന്ന് പറയുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല. പത്ത് മാസത്തിലേറെയായി പി.എഫ് തുക അടച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ സമരത്തെക്കുറിച്ച് ഇന്ന് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനം എടുക്കും.
- ജീവനക്കാർ