തൃശൂർ: ചലചിത്രരംഗത്ത് ഗുണപരമായ ഇടപെടലുകൾ നടത്തുന്ന സ്വതന്ത്ര സ്ഥാപനങ്ങളായ നാഷണൽ ഫിലിം ആർക്കൈവ്‌സ് ഒഫ് ഇന്ത്യ ഫിലിംസ് ഡിവിഷൻ, ചിൽഡ്രൻസ് ഫിലിം സൊസൈറ്റി ഒഫ് ഇന്ത്യ, ഡയറക്ടറേറ്റ് ഒഫ് ഫിലിം ഫെസ്റ്റിവൽ എന്നിവയെ ഇല്ലാതാക്കി നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപറേഷനിൽ (എൻ.എഫ്.ഡി.സി) ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ സിനിമപ്രവർത്തകർ രംഗത്ത്.
തൃശൂർ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ഡയറക്ടർ പ്രേമേന്ദ്ര മജുംദാർ, പ്രമുഖ സംവിധായകൻ ഗിരീഷ് കാസറവള്ളി, ജൂറി ചെയർമാൻ ജി.പി. രാമചന്ദ്രൻ, സംവിധായക താര രാമാനുജൻ, സൗണ്ട് ഡിസൈനർ ടി. കൃഷ്ണനുണ്ണി, ഫെസ്റ്റിവൽ എക്‌സിക്യൂട്ടിവ് ഡയറക്ടർ ചെറിയാൻ ജോസഫ് എന്നിവരാണ് വാർത്താ സമ്മേളനത്തിൽ കേന്ദ്രസർക്കാർ നീക്കത്തിന് എതിരെ രംഗത്തുവന്നത്.
ഇന്ത്യയുടെ ചലച്ചിത്ര സംസ്‌കാര, സംരക്ഷണ സ്ഥാപനങ്ങളെ ഇല്ലാതാക്കുകയോ മുതലാളിത്ത താത്പര്യങ്ങൾക്ക് അനുസൃതമായി മാറ്റിത്തീർക്കുകയോ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് സിനിമാ പ്രവർത്തകരുടെ വാദം.
സർക്കാരിന്റെ പണം മുടിക്കുന്ന ഉത്പാദനക്ഷമമല്ലാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന വാദം ഉന്നയിച്ച് സ്ഥാപനങ്ങളെ ലയിപ്പിക്കുന്ന അധികൃതരുടെ നടപടി ബാലിശമാണ്.
- ഗിരീഷ് കാസറവള്ളി, സംവിധായകൻ