തൃശൂർ: ദി അംബാസഡർ റൈഡേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിലവിലുള്ള എല്ലാ അംബാസഡർ കാറുകളെയും ഉൾപ്പെടുത്തി പത്തിന് അംബാസഡർ ഗ്രാന്റ് റോയൽ മീറ്റ്അപ്പ് സംഘടിപ്പിക്കും. രാവിലെ 10 മണിമുതൽ തൃശൂർ വടക്കുംനാഥൻ മൈതാനത്ത് നടക്കുന്ന ഒത്തുചേരലിൽ കേരളത്തിനുപുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അംബാസഡർ കാറുകളെത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അംബാസഡർ കാറുകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 254 വാഹനങ്ങളിൽ 175ൽപരം വാഹനങ്ങൾ മീറ്റ്അപ്പിൽ എത്തും. പഴയകാല വാഹനം ഉപയോഗിച്ചിരുന്നവരെയും പുതുതലമുറയിലെ അംബാസഡർ ഉപയോക്താക്കളെയും ആദരിക്കുമെന്നും വൈകിട്ട് മൂന്നിന് വാഹനറാലിയും നടക്കും. കുത്തനെയുള്ള നികുതി വർദ്ധനവുകൾ ഈ മേഖലയിലെ വാഹനപ്രേമികളെ ബുദ്ധിമുട്ടിലാക്കിയെന്നും അംബാസഡർ കാറുകളുടെ പുതുക്കിയ റിന്യൂവൽ ഫീസ് പുനപരിശോധിക്കണമെന്നും റൈഡേഴ്‌സ് ക്ലബ്ബ് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ നൗഷാദ് റിയാസ്, ക്ലബ്ബ് സെക്രട്ടറി പി.ജി. ജോയ്, എൻ.കെ. സജീവ് കുമാർ, ബാബു അവണൂർ എന്നിവർ പങ്കെടുത്തു.