സഞ്ചാരികളെയും കാത്ത് മുസ്‌രിസ്
കൊടുങ്ങല്ലൂർ: അറബിക്കടലിലേക്ക് വിനോദസഞ്ചാര പദ്ധതി തയ്യാറാക്കി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും മുസ്‌രിസ് ഹെറിറ്റേജ് ലിമിറ്റഡും വിനോദ സഞ്ചാരമേഖലയിൽ പുതിയ ചുവടുവയ്പ്പിനൊരുങ്ങുന്നു. ഇതിനായി നൂറ് പേർക്ക് യാത്ര ചെയ്യാവുന്ന ക്ലിയോപാട്രയെന്ന മുസ്‌രിസ് സീ ക്രൂയിസ് അറബിക്കടലിന്റെ ഓളങ്ങളിൽ നീന്തിത്തുടിക്കും. പദ്ധതിയുടെ ഉദ്ഘാടന യാത്ര ഏഴിന് വ്യാഴാഴ്ച വൈകിട്ട് നാലിന് വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറത്ത് നിന്നും കടലിലേക്കുള്ള ആദ്യ വിനോദ സഞ്ചാര സംവിധാനമാണിത്.
വിനോദയാത്ര ഇങ്ങനെ
രണ്ട് മണിക്കൂറാണ് യാത്രയുടെ ദൈർഘ്യം. ക്ലിയോപാട്ര യാനത്തിൽ എ.സി, നോൺ എ.സി സീറ്റിംഗ് സൗകര്യമുണ്ട്. യാത്രാവേളയിൽ ഗൈഡ്, ഗായകർ, വിനോദ പരിപാടികൾ എന്നിവയുമുണ്ടാകും. ഇതിനൊപ്പം ലഘുഭക്ഷണവും യാത്രക്കാർക്ക് നൽകും. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും യാനത്തിലൊരുക്കിയിട്ടുണ്ട്. ഒരാൾക്ക് 400 രൂപയാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്.
രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറര വരെയാണ് യാത്ര ചിട്ടപ്പെടുത്തിയിരിക്കുന്നത്. നിലവിലെ പദ്ധതിയനുസരിച്ച് മോണിംഗ് ക്രൂയിസ്, നൂൺ ക്രൂയിസ്, ലഞ്ച് ക്രൂയിസ്, സൺസെറ്റ് ക്രൂയിസ് എന്നിങ്ങനെയുള്ള യാത്രാ ക്രമങ്ങളാണുള്ളത്. സാധാരണ ടിക്കറ്റ് പ്രകാരമുളള യാത്രക്ക് പുറമെ രണ്ട് പാക്കേജ് യാത്രകളും ക്ലിയോപാട്ര മുസ്‌രിസ് ക്രൂയിസിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. കോളേജ്, സ്‌കൂൾ വിദ്യാർത്ഥികൾക്കായി സ്റ്റുഡന്റ് ക്രൂയിസ് പാക്കേജ് പ്രത്യേകമായിട്ടുണ്ട്. ഫോൺ: 9778413160, 9846211143.