mmmm
പുത്തൻപീടിക ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നടന്ന വഴിതടയൽ സമരം ആക്ഷൻ കൗൺസിൽ ചെയർമാൻ വി.വി. സജിത്ത് ഉദ്ഘാടനം ചെയ്യുന്നു.

റോഡ് ഉപരോധിച്ചു

പുത്തൻപീടിക: അന്തിക്കാട് - പുത്തൻപീടിക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പുത്തൻപീടിക ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ മുറ്റിച്ചൂർ റോഡ് സെന്ററിൽ വഴിതടയൽ സമരം നടത്തി.

ആക്ഷൻ കൗൺസിൽ ചെയർമാൻ വി.വി. സജിത്ത് ഉദ്ഘാടനം ചെയ്തു. കൺവീനർ സ്റ്റാൻലി തട്ടിൽ അദ്ധ്യക്ഷനായി.

കഴിഞ്ഞ മൂന്ന് വർഷമായി അമൃതം കുടിവെള്ള പദ്ധതിക്കായി പൈപ്പിടാൻ പൊളിച്ച റോഡ് പൂർവ സ്ഥിതിയിലാക്കാതെ തകർന്ന് കിടക്കുകയാണ്. ജല അതോറിറ്റി റോഡ് ടാർ ചെയ്ത് പൊതുമരാമത്തിന് കൈമാറേണ്ട സമയം കഴിഞ്ഞിട്ടും ഇപ്പോഴും റോഡ് പഴയപടിയിലാണ്. കാലാവസ്ഥ അനുകൂലമായിട്ടും റോഡ് പണി തീർക്കാതെയുള്ള മെല്ലെ പോക്ക് സമീപനമാണ് ജല അതോറിറ്റി എടുക്കുന്നതെന്നും മഴക്കാലം തുടങ്ങുന്നതിന് മുമ്പ് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ നിരാഹാര സമരം ഉൾപ്പെടെയുള്ള സമരപരിപാടി നടത്തുമെന്ന് ആക്ഷൻ കൗൺസിൽ ട്രഷറർ വിജോ ജോർജ് പറഞ്ഞു. റോഡിൽ പാറപ്പൊടിയിട്ട് കുഴി അടച്ചത് കൊണ്ട് വ്യാപാരികൾക്കും സ്‌കൂൾ വിദ്യാർത്ഥികൾക്കും ഉണ്ടാകുന്ന പൊടിശല്യം മൂലം ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കളക്ടറെ കണ്ട് നിവേദനം സമർപ്പിച്ചിരുന്നു. ഇതേ തുടർന്ന് മാർച്ച് 31ന് ശേഷം പെപ്പിടാൻ റോഡ് പൊളിക്കുന്നത് നിറുത്തിവയ്ക്കുമെന്ന് കളക്ടർ അറിയിച്ചിരുന്നു. അന്തിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം ജോർജ് അരിമ്പൂർ, പൊതു പ്രവർത്തകൻ ഉമ്മർ പഴുവിൽ, എ.പി. ജോസ്, പ്രകാശൻ തട്ടിൽ, ടോമി പുലിക്കോട്ടിൽ, സി.എൽ. ജോബി എന്നിവർ പ്രസംഗിച്ചു.