ulkadanam

ശ്രീനാരായണപുരം പഞ്ചായത്ത് വാർഷിക പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2022- 23 വർഷത്തിൽ പ്രത്യുത്പാദന മേഖലയ്ക്ക് മുൻഗണന നൽകി തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നൽകാൻ വിവിധ പദ്ധതികൾ നടപ്പാക്കും. പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ നിർവഹിച്ചു. വാർഡ് മെമ്പർ ജിബിമോൾ അദ്ധ്യക്ഷയായി. ഉഷ കൃഷ്ണൻ, കെ. രഘുനാഥ്, എ. രതി, പി.എസ്. ബീന എന്നിവർ സംസാരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 106 പേർക്ക് 100 ദിനങ്ങൾ പൂർത്തീകരിക്കുന്നതിന് 4.19 കോടി രൂപ ചെലവാക്കി.

പദ്ധതികൾ ഇങ്ങനെ

പരമ്പരാഗത ജലസ്രോതസുകളുടെ പുനരുദ്ധാരണ പ്രവൃത്തികളടക്കം ഏഴ് കോടിയുടെ പ്രവൃത്തികൾ കണ്ടെത്തുന്നതിനും, മുഴുവൻ തൊഴിലാളികൾക്കും 100 ദിനം തൊഴിൽ നൽകുന്നതിന് ഊന്നൽ നൽകുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു. വെള്ളക്കെട്ട് നിർമ്മാർജനത്തിന് പരിഹാരം കണ്ടെത്തുന്നതിന് കാനകൾ, കോൺക്രീറ്റ് - ടൈൽ റോഡുകളുടെ പ്രവൃത്തികൾ, കന്നുകാലി തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, ഗ്രൂപ്പ് തല തൊഴിലിടങ്ങൾക്കായി വർക്ക് ഷെഡുകൾ, പച്ച തുരുത്ത് വ്യാപനം, ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിനായി നഴ്‌സറികൾ തുടങ്ങിയ വിവിധ പദ്ധതികളിലൂടെ തൊഴിൽ നൽകും.