തൃശൂർ: കുടിവെള്ള പ്രശ്‌നത്തെ ചൊല്ലി കോർപറേഷൻ ഓഫീസിനു മുൻവശം മേയറുടെ കാർ തടഞ്ഞ കോൺഗ്രസ് കൗൺസിലർമാർക്കു നേരെ കാർ ഓടിച്ചുകയറ്റിയതിനെത്തുടർന്ന് പരിക്കേറ്റ ഏഴു കൗൺസിലർമാർ ആശുപത്രി വിട്ടു.
ആശുപത്രിയിൽ നിന്നുവന്ന പ്രതിപക്ഷ നേതാവ് രാജൻ പല്ലനും നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേലും മേയറുടെ ചേമ്പറിൽ തുടരുന്ന ഇരിപ്പു സമരത്തിൽ പങ്കുചേർന്നു. മേയറുടെ ഡ്രൈവർ ലോറൻസിനെ സസ്‌പെൻഡ് ചെയ്യുക, മേയർ പരസ്യമായി മാപ്പു പറയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. മേയർ ഇന്നലെയും ഓഫീസിലെത്തിയില്ല. ചേംബറിന് അകത്താണ് സമരം.
കുടിവെള്ള വിഷയത്തിൽ രണ്ടു ദിവസമായി തുടരുന്ന സമരത്തെ അവഗണിക്കുന്ന മേയറുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ഇ.വി. സുനിൽരാജ് എന്നിവർ പറഞ്ഞു.
മേയർ കാർ മുന്നോട്ടെടുക്കാൻ നിർദേശം നൽകുന്നതിന്റെയും തുടർ നടപടികളുടെയും വീഡിയോ ദൃശ്യങ്ങൾ തെളിവായി കൈമാറുമെന്ന് പ്രതിപക്ഷനേതാക്കൾ പറഞ്ഞു.
ഉമ്മൻചാണ്ടിയും ചെന്നിത്തലയും സന്ദർശിച്ചു
തൃശൂർ: കോൺഗ്രസ് കൗൺസിലർമാർക്കു നേരെ മേയറുടെ കാർ ഓടിച്ചു കയറ്റിയതിനെത്തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന കൗൺസിലർമാർക്ക് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടിയും രമേശ്‌ചെന്നിത്തലയും എത്തി. പ്രതിപക്ഷനേതാവ് രാജൻ പല്ലൻ, ജോൺ ഡാനിയൽ, ലാലി ജയിംസ്, ശ്രീലാൽ ശ്രീധർ, എ.കെ. സുരേഷ്, മേഫി ഡെൽസൺ, സുനിത വിനു എന്നിവരെ പി.സി. വിഷ്ണുനാഥ് എം.എൽ.എയും എന്നിവർ സന്ദർശിച്ചു. അൻവർ സാദത്ത് എം.എൽ.എ, യു.ഡി.എഫ് ചെയർമാൻ ജോസഫ് ചാലിശ്ശേരി, കെ.പി.സി.സി സെക്രട്ടറിമാരായ എ. പ്രസാദ്, ഷാജി കോടങ്കണ്ടത്ത് എന്നിവരും ഒപ്പമുണ്ടായിരുന്നു.
ശുദ്ധമായ കുടിവെള്ളം നൽകുക എന്നതാണ് പരമപ്രധാനം. ശുദ്ധജലം കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന പ്രതിഷേധത്തെ സമചിത്തതയോടെ കൈകകാര്യം ചെയ്യണം.
- ഉമ്മൻ ചാണ്ടി
സമരം ചെയ്ത കൗൺസിലർമാർക്ക് പൂർണ പിന്തുണ നൽകും. കാർ ഓടിച്ചു കയറ്റിയ നടപടി ഞെട്ടിക്കുന്നതും കേട്ടുകേൾവിയില്ലാത്തതുമാണ്.
- രമേശ് ചെന്നിത്തല
വി.ഡി. സതീശൻ കൗൺസിലർമാരെ സന്ദർശിച്ചില്ല
തൃശൂർ: ജില്ലയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരിക്കേറ്റ കൗൺസിലർമാരെ സന്ദർശിക്കാനെത്തിയില്ല. ഗുരുവായൂരിൽ വാർത്താസമ്മേളനം വരെ നടത്തിയ വി.ഡി. സതീശൻ കെ.പി.സി.സി സെക്രട്ടറി അടക്കമുള്ളവർക്ക് പരിക്കേറ്റ് ചികിത്സയിൽ കഴിയുമ്പോൾ സന്ദർശിക്കാതിരുന്നത് പാർട്ടി പ്രവർത്തകരിലും നേതാക്കളെയും അമർഷത്തിലാക്കി. അതേസമയം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.സി. വിഷ്ണുനാഥ് എം.എൽ.എ എന്നിവർ എത്തിയിരുന്നു.
സമരം തുടരും
തൃശൂർ : കാറിടിപ്പിച്ചെന്ന കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിൽ മേയർക്കെതിരെയും ഡ്രൈവർക്കെതിരെയും കേസെടുത്തെങ്കിലും ഡ്രൈവറെ പുറത്താക്കാതെ സമരം നിറുത്തില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ചൊവ്വാഴ്ച്ച വൈകീട്ട് മുതലാണ് സമരം തുടങ്ങിയത്.