ഗുരുവായൂർ: ചെമ്പൈ സംഗീതോത്സവ മാതൃകയിൽ അഷ്ടപദി സംഗീതോത്സവം നടത്താൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചു. മികവ് തെളിയിക്കുന്ന ഒരു കലാകാരന് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്‌കാരവും സമ്മാനിക്കും. പ്രാചീന ക്ഷേത്ര കലാരൂപമായ അഷ്ടപദിയെ പ്രോത്സാഹിപ്പിക്കാനും ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടപദിക്കുള്ള പ്രാധാന്യം പരിഗണിച്ചുമാണ് ദേവസ്വം തീരുമാനം.
വൈശാഖ മാസാരംഭമായ മേയ് ഒന്നിനാണ് അഷ്ടപദി സംഗീതോത്സവം. ഏപ്രിൽ 30ന് ജയദേവ കവിയുടെ ഗീതാഗോവിന്ദത്തെ ആസ്പദമാക്കിയുള്ള ദേശീയ സെമിനാറോടെയാകും അഷ്ടപദി സംഗീതോത്സവം തുടങ്ങുക. അന്ന് വൈകിട്ട് അഷ്ടപദിയിൽ മികവ് തെളിയിച്ച കലാകാരന് ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്‌കാരം സമ്മാനിക്കും. പുരസ്‌കാര ജേതാവിന്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും.
അഷ്ടപദി സംഗീതോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി ഭരണ സമിതി അംഗം ചെങ്ങറ സുരേന്ദ്രനെ സബ് കമ്മിറ്റി കൺവീനറായി ദേവസ്വം ഭരണസമിതി യോഗം ചുമതലപ്പെടുത്തി. മേയ് ഒന്നിന് രാവിലെ 7 മുതൽ സംഗീതോത്സവം ആരംഭിക്കും. ദേവസ്വം ഭരണസമിതി യോഗത്തിൽ ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനായി. അംഗങ്ങളായ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ചെങ്ങറ സുരേന്ദ്രൻ, അഡ്വ.കെ.വി.മോഹന കൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.