കൊടുങ്ങല്ലൂർ: പ്രളയവും, ഓഖിയും, കൊവിഡും വിതച്ച ദുരിത പൂർണമായ അവസ്ഥയിൽ നിന്ന് വിദ്യാലയത്തിലെ കുട്ടികളുടെ കുടുംബങ്ങളെ കരകയറ്റുക എന്ന ലക്ഷ്യത്തോടെ കൊടുങ്ങല്ലൂർ റോട്ടറി ക്ലബിന്റെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തിൽ മേത്തല ഗവ. യു.പി സ്‌കൂൾ നടപ്പിലാക്കുന്ന 'സ്വാശ്രയ' സ്വയം തൊഴിൽ പരിപാടി അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

തയ്യൽ പരിശീലനം, ഫുഡ് പ്രൊസസിംഗ്, ബോട്ടിൽ ആർട്ട്, പോട്ട് പെയിന്റിംഗ്, പേപ്പർ ക്രാഫ്റ്റ്, കമ്പ്യൂട്ടർ പരിശീലനം തുടങ്ങിയവയിലാണ് പരിശീലനം നൽകുന്നത്. നഗരസഭ അദ്ധ്യക്ഷ എം.യു. ഷിനിജ അദ്ധ്യക്ഷയായി. നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ മുഖ്യപ്രഭാഷണം നടത്തി. കൊടുങ്ങല്ലൂർ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് സെബാസ്റ്റ്യൻ സി.എക്‌സ് വിശിഷ്ടാതിഥിയായി. എൽ.എസ്.എസ് സംസ്‌കൃതം സ്‌കോളർഷിപ്പ് ജേതാക്കൾക്കുള്ള ഉപഹാര വിതരണം കൊടുങ്ങല്ലൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിജി വി.വി നിർവഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീല പണിക്കശ്ശേരി, ഇ.ജെ. ഹിമേഷ്, രവീന്ദ്രൻ നടുമുറി, ഡോ. പി. വിവേകാനന്ദൻ, മുഹമ്മദ് റാഫി യു എന്നിവർ സംസാരിച്ചു.