calamity

ചാലക്കുടി: ശക്തമായ മഴയിലും കാറ്റിലും ചാലക്കുടിയിൽ പരക്കെ നാശനഷ്ടം. പടിഞ്ഞാറെ ചാലക്കുടി തോട്ടവീഥി, പോട്ട, കുറ്റിക്കാട് എന്നിവിടങ്ങളിലായിരുന്നു മഴക്കെടുതി. തോട്ടവീഥിയിൽ അനിൽ തോട്ടവീഥിയുടെ പറമ്പിലെ പ്ലാവ് റോഡിലേക്ക് ഒടിഞ്ഞുവീണു. മഴുവഞ്ചേരി ജയകുമാറിന്റെ വീട്ടുമുറ്റത്തെ മരവും കടപുഴകി. മേനോപ്പിള്ളി വിനോദിന്റെ പറമ്പിലും മരം വീണു. ഒമ്പത് വീട് കോളനി പരിസരത്ത് മരം വീണ് ഇലക്ട്രിക് പോസ്റ്റ് തകർന്നു.

ഇവിടെ വൈദ്യുതി വിതരണം നിലച്ചു. പോട്ട ജംഗ്ഷനിൽ കെട്ടിടത്തിന്റെ മുകളിലെ പരസ്യ ബോർഡ് കാറ്റിൽ നിലം പതിച്ചു. കെട്ടിടത്തിൽ താമസിക്കുന്ന ഉടമ എലുവുങ്ങൽ കുട്ടപ്പന്റെ അടുക്കളയ്ക്ക് നാശനഷ്ടമുണ്ടായി. മേൽക്കൂരയുടെ ഷെഡ് തകർന്നു. പരിയാരം പഞ്ചായത്തിലെ കുറ്റിക്കാട് തെങ്ങ് ഒടിഞ്ഞുവീണ് ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞു. പാറക്ക ഡേവിസിന്റെ വീട്ടുപറമ്പിലെ തെങ്ങാണ് വീണത്. ഇതോടെ കുറ്റിക്കാട് ഭാഗത്തെ വൈദ്യുതി ബന്ധം നിലച്ചു.