പാവറട്ടി: ഏനാമാവ് റെഗുലേറ്റർ നവീകരണത്തിനുള്ള ടെൻഡർ പൂർത്തീകരിച്ച് എത്രയും വേഗം പണിയാരംഭിക്കണമെന്ന് മുരളി പെരുനെല്ലി എം.എൽ.എ ആവശ്യപ്പെട്ടു. മണലൂർ നിയോജക മണ്ഡലത്തിലെ കോൾ മേഖലയിൽ നടക്കുന്ന വിവിധ പ്രവൃത്തികളുടെ അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇടിയഞ്ചിറ റെഗുലേറ്റർ നവീകരണത്തിനുള്ള ഡി.പി.ആർ. തയ്യാറാക്കി ഉടനെ മേൽ നടപടികൾ സ്വീകരിക്കണം.
പരമാവധി പ്രവൃത്തികൾ ഈ സീസണിൽ ചെയ്തു തീർക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മുൻകൈയെടുക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കാർഷിക രംഗത്ത് വിവിധ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്ന് മുരളി പെരുനെല്ലി എം.എൽ.എ പറഞ്ഞു. കെ.എൽ.ഡി.സി മുഖാന്തരം കനാലുകളുടെ ആഴം കൂട്ടൽ, എൻജിൻ തറ നിർമ്മാണം, മോട്ടോർ ഷെഡ് നിർമ്മാണം, റാമ്പ് നിർമ്മാണം, ഫാം റോഡ് നിർമ്മാണം, കിട നിർമ്മാണം തുടങ്ങി വിവിധ പ്രവൃത്തികൾക്കായി 28.27 കോടിയുടെ പ്രവൃത്തികൾ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ സ്മിത അജയകുമാർ, പി.ടി.ജോൺസൺ, ചാന്ദ്‌നി വേണു, ശ്രീദേവി ജയരാജൻ, ജിയോ ഫോക്‌സ്, കെ.എൽ.ഡി.സി ചീഫ് എൻജിനീയർ പി.കെ.ശാലിനി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ടി.പി.ബൈജു, കെ.എസ്.ഇ.ബി. അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ പ്രദീപ്, ഇറിഗേഷൻ അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഹാരിസ് കരിം തുടങ്ങിയവർ പങ്കെടുത്തു.