കൊടുങ്ങല്ലൂർ: മാലിന്യ സംസ്കരണ രംഗത്ത് നഗരസഭയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാകുന്നു. ശാസ്ത്രീയ ജൈവമാലിന്യ സംസ്‌കരണത്തിനായി നഗരസഭ ലക്ഷ്യമിട്ട 100 തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് യൂണിറ്റുകളിൽ ഇതിനോടകം 90 എണ്ണവും പൂർത്തിയായിക്കഴിഞ്ഞു. വീടുകളിലും സ്ഥാപനങ്ങളിലും ബയോഡൈജസ്റ്റർ പോട്ടുകൾ, പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകൾ, ബയോഗ്യാസ് പ്ലാന്റുകൾ, തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റ് പ്ലാന്റുകൾ എന്നിവയിൽ ഏതെങ്കിലും അനുയോജ്യമായ ഉപാധികൾ സ്ഥാപിച്ച് ജൈവമാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിച്ച് സംസ്‌കരിക്കണമെന്ന നിയമമാണ് നഗരസഭ പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നിലവിൽ 7,064 ബയോഡൈജസ്റ്റർ പോട്ടുകൾ, 4,100 പൈപ്പ് കമ്പോസ്റ്റ് യൂണിറ്റുകൾ, 1,252 ബയോഗ്യാസ് പ്ലാന്റുകൾ എന്നിവ വീടുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ദ്രവമാലിന്യ സംസ്‌കരണത്തിനായി വീടുകളിൽ സെപ്റ്റിക് ടാങ്കുകൾ, സോക്പിറ്റ് സംവിധാനം എന്നിവ സ്ഥാപിക്കുന്നതിന് ആയിരത്തോളം ഗുണഭോക്താക്കൾക്ക് 15,400 രൂപ വീതം ധനസഹായം അനുവദിച്ചിട്ടുണ്ട്. വികസന ഫണ്ട്, പട്ടിക ജാതി വികസന ഫണ്ട്, സ്വച്ഛ് ഭാരത് മിഷൻ പദ്ധതി ഫണ്ട് എന്നിവ വിനിയോഗിച്ചാണ് നഗരസഭ പദ്ധതി നിർവഹണം നടത്തുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വേർതിരിച്ച അജൈവമാലിന്യം ശേഖരിക്കുന്നത്
66 അംഗങ്ങളുളള ഹരിതകർമ്മസേനയാണ്. നിലവിൽ 70% വീടുകളും 60% വാണിജ്യ, വാണിജ്യേതര സ്ഥാപനങ്ങളും പദ്ധതിയിൽ അംഗങ്ങളാണ്.

പദ്ധതികൾ ഇങ്ങനെ