മറ്റത്തൂർ: ബുധനാഴ്ച വൈകീട്ട് തിമിർത്ത് പെയ്ത വേനൽ മഴയും കാറ്റും മിന്നലും മറ്റത്തൂർ പഞ്ചായത്തിൽ നാശം വിതച്ചു. പഞ്ചായത്തിലെ ചെട്ടിച്ചാൽ, ചെമ്പുച്ചിറ, നൂലുവള്ളി, മന്ദരപിള്ളി പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷടമുണ്ടായത്.
കുലച്ചതും കുലവന്നതും പകുതി മൂപ്പായതുമായ ആയിരക്കണക്കിന് നേന്ത്രവാഴകൾ ഒടിഞ്ഞു നശിച്ചു. മുരിക്കിങ്ങൽ സ്വദേശി കുട്ടൻ മൂന്നുമുറിയിൽ പാട്ടത്തിനെടുത്ത സ്ഥലത്തു കൃഷിചെയ്തിരുന്ന700 ഓളം വാഴകൾ നശിച്ചു. വാസുപുരം പാലത്തിനു സമീപം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത മന്ദരപിള്ളി പാട്ടത്തിൽ രാമകൃഷ്ണന്റെ കുലച്ച ആയിരത്തിലേറെ നേന്ത്രവാഴകൾ കാറ്റിൽ ഒടിഞ്ഞു നശിച്ചു.
നൂറു കണക്കിന് ജാതി മരങ്ങൾ കടപുഴകി. ഏതാനും വീടുകൾക്ക് മുകളിൽ മരങ്ങൾ വീണ് വീടുകൾ ഭാഗികമായി തകർന്നു. അവിട്ടപ്പിള്ളി ചാഴിക്കാടിൽ സ്ഥിതി ചെയ്യുന്ന ഞാറ്റുവെട്ടി ഷാജുവിന്റെ ഇഷ്ടിക കമ്പനി കെട്ടിടം കാറ്റിലും മഴയിലും നിലംപൊത്തി. 40 ഓളം വൈദ്യുതി കാലുകളും മേഖലയിൽ തകർന്നു. വൈദ്യുതി വിതരണവും താറുമാറായി
കെ.കെ. രാമചന്ദ്രൻ എം.എൽ.എ, മറ്റത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, അശ്വതി വിബി, കൃഷി ഓഫിസർ എം.പി. ഉണ്ണിക്കൃഷ്ണൻ, മറ്റത്തൂർ വില്ലേജ് ഓഫിസർ, കെ.പി. മദൻ, കേരള കർഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ടി.എ. രാമകൃഷ്ണൻ, പി.എസ്. പ്രശാന്ത് തുടങ്ങിയവർ മഴയും കാറ്റും നാശം വിതച്ച മേഖലകൾ സന്ദർശിച്ചു. നഷ്ടം സംഭവിച്ച കർഷകർക്ക് അടിയന്തരപരിഹാരം വിതരണം ചെയ്യണമെന്ന് കേരള കർഷക സംഘം കൊടകര ഏരിയ കമ്മറ്റി ആവശ്യപ്പെട്ടു.