cherr
റോഡ് പണിയെ തുടർന്ന് വിജനമായ ചൊവ്വൂർ മേഖല.

പാലയ്ക്കൽ - പെരുമ്പിള്ളിശ്ശേരി സംസ്ഥാന പാത പുനർനിർമ്മാണം

ചേർപ്പ്: പാലയ്ക്കൽ മുതൽ പെരുമ്പിള്ളിശ്ശേരി വരെയുള്ള സംസ്ഥാന പാതയിലെ ഒരു ഭാഗം പൊളിച്ചിട്ടുള്ള നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ദുരിതത്തിലായത് കച്ചവടക്കാരും നാട്ടുകാരും. കഴിഞ്ഞ ഒരുമാസമായി ഒരു വശത്തുകൂടെയാണ് വാ‌ഹനങ്ങൾ കടന്നുപോകുന്നത്. മിക്ക ഇട റോഡുകളും അടച്ചു പൂട്ടിയ നിലയിലാണ്. സ്വന്തം വീട്ടിലേക്കെത്താൻ കിലോമീറ്ററോളം വളഞ്ഞാണ് പലരും പോകുന്നത്. സമയനഷ്ട്ടത്തിന് പുറമെ ഇന്ധന ചെലവും താങ്ങാൻ കഴിയുന്നതിനപ്പുറമാണെന്ന് ഇവർ പറയുന്നു.

ഗതാഗതം സുഗമമല്ലാത്തതിനാൽ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളും കച്ചവടമില്ലാതെ അടച്ചിട്ടിരിക്കുന്ന നിലയിലാണ്. തുറന്നിരിക്കുന്ന കടകളിൽ റോഡിൽ നിന്നുയരുന്ന പൊടി മൂലം വ്യാപാരികൾ പൊറുതിമുട്ടുകയാണ്. നൂറുകണക്കിന് ഫർണിച്ചർ കടകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. വാടക തുകയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് പൊടിശല്യവും സഹിച്ച് കടകൾ തുറന്നിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.

കൊവിഡ് സൃഷ്ടിച്ച ആഘാതത്തിൽ നിന്ന് കരകയറുന്നതിനിടയിലാണ് വ്യാപാരികൾക്കിടയിലേക്ക് റോഡ് നിർമ്മാണം വില്ലനായി വന്നത്. കൂടാതെ ഇഴഞ്ഞിഴഞ്ഞാണ് നിർമ്മാണ പ്രവൃത്തി നീങ്ങുന്നതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു. രാത്രിയും പകലുമായി പ്രവൃത്തി നടത്തി വേഗത്തിൽ തീർക്കണമെന്നാണ് ഇവരുടെ ആവശ്യം.

ഏപ്രിൽ 15 മുതൽ റോഡ് പൂർണമായും അടയ്ക്കുമെന്നാണ് നിർമ്മാണ ചുമതലയുള്ള കെ.എസ്.ടി.പി.യു അധികൃതർ പറയുന്നത്. എന്നാൽ പകരം യാത്രാ സംവിധാനമൊരുക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോയാൽ ജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിവരുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നുണ്ട്.

കൃത്യമായ ആസൂത്രണവും കൂടിയാലോചനയില്ലാതെ നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങൾ ഉടലെടുക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

ഇപ്പോൾ കച്ചവടത്തിന്റെ സീസണാണ്. റോഡ് പണി മൂലം അതെല്ലാം നഷ്ടമായി.

ദേവസി പുല്ലോക്കാരൻ

വ്യാപാരി