kadal-yathra
മുസ്‌രിസ് കടൽയാത്രയുടെ ഉദ്ഘാടനം ഉണ്ണിക്കൃഷ്ണൻ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കടൽയാത്രയുടെ പുതിയ ലോകം തീർത്ത് ക്ലിയോപാട്രയും മുസ്‌രിസ് പൈതൃക പദ്ധതിയും. കോട്ടപ്പുറത്ത് നിന്നും കടലിലേക്കുള്ള ആദ്യ സഞ്ചാര സംവിധാനമാണ് ക്ലിയോപാട്ര എന്ന ബോട്ടിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്.

മുസ്‌രിസ് പൈതൃക പദ്ധതിയും കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും സംയുക്തമായാണ് കടൽയാത്ര പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടപ്പുറം ആംഫി തീയറ്റർ പരിസരത്ത് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലിയോപാട്രയുടെ കന്നിയാത്ര ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.

കോട്ടപ്പുറം ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് കടലിലേക്ക് രണ്ട് മണിക്കൂർ ദൈർഘ്യം ഉള്ള യാത്രകളാണ് ക്ലിയോപാടയിലൂടെ വിഭാവനം ചെയ്യുന്നത്. സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കൽ എന്നീ പ്രദേശങ്ങളിലൂടെ കടന്ന് കടലിലേക്ക് സഞ്ചരിച്ച് കോട്ടപ്പുറത്ത് തിരിച്ചെത്തുന്നതാണ് പാക്കേജ്. എ.സി, നോൺ എ.സി ഇരിപ്പിട സംവിധാനം, യാത്രാവേളയിൽ ഗൈഡ്, ഗായകർ, വിനോദ പരിപാടികൾ എന്നിവ യാനത്തിലുണ്ടാകും.

നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്‌രിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർമാരായ എൽസി പോൾ, വി.എം. ജോണി, ജി.എസ്. സജീവൻ, കെ. ജയകൃഷ്ണൻ, സിറിൽ മാത്യു, ഇബ്രാഹിം സബിൻ, സജ്‌ന വസന്തരാജ്, നിമ്മി എം.ബി എന്നിവർ പങ്കെടുത്തു.

മുസ്‌രിസിന്റെ വിനോദ സഞ്ചാര മേഖലയിലെ സാദ്ധ്യതകൾ കൂടുതൽ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കോട്ടപ്പുറത്ത് നിന്നും കടൽ യാത്ര പദ്ധതി ആരംഭിക്കുന്നത്.

- പി.എം. നൗഷാദ്, മാനേജിംഗ് ഡയറക്ടർ, മുസ്‌രിസ് പൈതൃക പദ്ധതി