പാവറട്ടി: എളവള്ളി പഞ്ചായത്തിൽ താമസിക്കുന്നവരുടെ ചുരുങ്ങിയ വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എൽ.സിയാക്കാൻ പഞ്ചായത്തുതല സാക്ഷരതാ സമിതി യോഗം തീരുമാനം. പദ്ധതിയുടെ ഭാഗമായി വാർഡ്തല സാക്ഷരതാ സമിതികൾ രൂപീകരിക്കും. വാർഡ് മെമ്പർമാർ സമിതിയുടെ ചെയർമാനാകും.

ആദ്യഘട്ടത്തിൽ 17നും 50നും മദ്ധ്യേ പ്രായമുള്ള എസ്.എസ്.എൽ.സി യോഗ്യത ഇല്ലാത്തവരുടെ ലിസ്റ്റ് വാർഡ് സാക്ഷരതാ സമിതിയുടെ മേൽനോട്ടത്തിൽ സർവേ നടത്തി ശേഖരിക്കും. സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത് അവർക്ക് പരിശീലനം നൽകും. എല്ലാ ആഴ്ചയിലും ഞായറാഴ്ചകളിലാണ് പരിശീലനം.

തുല്യതാ പരീക്ഷയ്ക്ക് ഓരോ പഠിതാവിനും ചെലവുവരുന്ന 1850 രൂപ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വകയിരുത്തും. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്‌സ് അദ്ധ്യക്ഷനായി. ടി.സി. മോഹനൻ, തോമസ് രാജൻ, ടി.എൻ. ലെനിൻ, സി.ഡി.ജോസ്, കെ.കെ. മനോജ്, പ്രേമ വാസു, എൻ.ബി. വിബിൻ, പി.എസ്. പ്രീതി എന്നിവർ പ്രസംഗിച്ചു.

ക്രമീകരണം ഇങ്ങനെ

ഓരോ വാർഡുകളിലും പഠിതാക്കളുടെ എണ്ണമനുസരിച്ച് ക്ലാസുകളുടെ ക്രമീകരണം നടത്തും. ബി.എഡ് യോഗ്യതയുള്ളവരെയാണ് ക്ലാസുകൾ എടുക്കുന്നതിന് നിയോഗിക്കുന്നത്. പി.എസ്.സി ഉൾപ്പെടെയുള്ള ഇന്റർവ്യൂവിന് വെയിറ്റേജ് മാർക്ക് ലഭിക്കുന്ന കമ്മ്യൂണിറ്റി സർവീസ് സർട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് അദ്ധ്യാപകർക്ക് നൽകും. റിട്ട. അദ്ധ്യാപകരുടെ സഹായവും പദ്ധതിയുടെ ഭാഗമാക്കും.

സാക്ഷരതാ സമിതി

അംഗൻവാടി വർക്കർ, വില്ലേജ് എക്‌സ്റ്റൻഷൻ ഓഫീസർ, സാക്ഷരതാ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ, വാർഡ് മെമ്പർ നോമിനേറ്റ് ചെയ്യുന്ന ഒരു വ്യക്തി, സ്കൂൾ പ്രധാന അദ്ധ്യാപകൻ എന്നിവർ ഉൾപ്പെടുന്നതാണ് സാക്ഷരതാ സമിതി.