ചാലക്കുടി: കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കാടുകുറ്റിയിലും പടിഞ്ഞാറെ ചാലക്കുടിയിലും ഉണ്ടായ നാശനഷ്ടത്തിന്റെ വിവരം കൃഷി വകുപ്പ് ശേഖരിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടെന്നാണ് പ്രാഥമിക നിമനം. കാടുകുറ്റിയിലെ അന്നനാടും പാമ്പുത്തറയിലുമായി നാലുവീടുകൾ തകർന്നിട്ടുണ്ട്. നിരവധി കർഷകരുടെ വിളകളും തകർന്നു.
കാക്കനാട്ട് രാജന്റെ വീട്ടിലെ മുൻഭാഗത്തെ ഷെഡ്ഡിനു മുകളിൽ മാവ് വീണു. ഇവരുടെ കാർ അകത്ത് കുടുങ്ങികിടന്നു. ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ രാജൻ സംഭവം നടക്കുമ്പോൾ ആശുപത്രിയിലായിരുന്നു. അസുഖബാധിതയായ ഭാര്യയും കുട്ടിയും മാത്രമായിരുന്നു വീട്ടിൽ.
ചിറപ്പണത്ത് ജോണിയുടെ ആൾ താമസമില്ലാത്ത വീട് തെങ്ങ് വീണ് തകർന്നു. അടിലക്കുഴി വിജയന്റെ വീടിന് മുകളിലെ ട്രസ്സ് പറന്നു പോയി. പാമ്പുത്തറയിലെ ജയരാജന്റെ ഓട് വീട് കവുങ്ങ് വീണ് തകർന്നു. ആറാം വാർഡിൽ മഞ്ഞളി അജിയുടെ നാനൂറോളം നേന്ത്ര വാഴകൾ കാറ്റിൽ തകർന്നു. പാട്ടത്തിന് കൃഷി നടത്തുന്ന ഇയാളുടെ വാഴകൾക്ക് ഇൻഷ്വറൻസ് നിഷേധിച്ചിരുന്നു.
അടിലക്കുഴി അജിതന്റെ 50 വലിയ ജാതി മരങ്ങൾ കടപുഴകി. കുടുങ്ങാപ്പുഴയിൽ കണക്കാപറമ്പിൽ ഉണ്ണിക്കൃഷ്ണന്റെ നിരവധി ജാതികളും വാഴകളും നിലംപൊത്തി. മറ്റു നിരവധിപേരുടെ പറമ്പുകളിലും ചെറിയ തോതിൽ നാശമുണ്ടായി. കോട്ടാറ്റ് തോട്ടവീഥി മേഖലയിലും കനത്ത നാശനഷ്ടമാണ് സംഭവിച്ചതെന്ന് അധികൃതർ വിലയിരുത്തി. കോട്ടാറ്റ് പാടശേഖരത്തെ ഏക്കർ കണക്കിന് നെൽക്കൃഷി നശിച്ചു.
പുതുശേരി തോമസിന്റെ നിരവധി വാഴകളും തോട്ടത്തി മത്തായിയുടെ നിരവധി ജാതികളും കാറ്റിൽ നിലംപതിച്ചു. ആച്ചാണ്ടി ജോയി, ഉള്ളാട്ടിക്കുളം സുരേഷ് എന്നിവരുടെ വലിയ ജാതിമരങ്ങളും നശിച്ചു. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും കാർഷിക വിളകൾ നശിച്ചു. എട്ട് ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണു. ഇതുമൂലം ചില മേഖലയിൽ വ്യാഴാഴ്ചയുടെ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചിട്ടില്ല.