തളിക്കുളം: തളിക്കുളം പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഉയർന്നുവന്നിട്ടുള്ളത്. ഉപഭോക്താക്കൾക്ക് അനുവദിച്ച ആട്ടിൻ കൂട്, കോഴിക്കൂട്, തൊഴുത്ത് എന്നിവ പണി കഴിപ്പിച്ചിട്ടും പണം ഇതുവരെ നൽകിയിട്ടില്ല. വിവിധ സ്ഥലങ്ങളിലെ നീർത്തടങ്ങളിൽ കയർ ഭൂവസ്ത്രം ധരിപ്പിച്ചതിനറെ പദ്ധതി വിശദീകരണ ബോർഡ് പ്രദർശിപ്പിച്ചെങ്കിലും ഒരു സ്ഥലത്തും കയർ ഭൂവസ്ത്രം ധരിപ്പിച്ചിട്ടില്ലെന്നും കോൺഗ്രസ് ആരോപിച്ചു. ഇത്തരം കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.