തൃശൂർ: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി 18 മുതൽ 24 വരെയുള്ള മെഗാ എക്‌സിബിഷന്റെ പ്രചരണാർത്ഥം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ 'ഗ്രാമീണടൂറിസം കാഴ്ചകൾ' എന്ന വിഷയത്തിൽ വീഡിയോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. വിജയികൾക്ക് 24ന് തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്‌സിബിഷൻ സമാപനവേദിയിൽ വച്ച് സമ്മാനം നൽകും.
വീഡിയോകൾ കാമറയിലോ മൊബൈലിലോ ഷൂട്ട് ചെയ്യാം. ലളിതവും കൗതുകം നിറഞ്ഞതുമാകണം സൃഷ്ടി. ദൈർഘ്യം ഒന്നു മുതൽ ഒന്നര മിനിട്ട്. ക്രെഡിറ്റ്‌സ്, ലഘുവിവരണം എന്നിവ ചേർത്ത് ഫുൾ എച്ച്.ഡി, എംപി 4 ഫോർമാറ്റിൽ അയക്കണം. വീഡിയോകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നേരിട്ടോ diothrissur@gmail.com എന്ന ഇമെയിലിലേക്ക് വിട്രാൻസ്ഫർ മുഖേനയോ 16ന് മൂന്ന് മണിക്ക് മുമ്പ് ലഭിക്കണം.