പെരിങ്ങോട്ടുകര: ഗുരുവായൂർ കുടിവെള്ള പദ്ധതിക്കായും ചാഴൂർ അന്തിക്കാട് താന്ന്യം കുടിവെള്ള പദ്ധതിക്കായും പൈപ്പിടുന്ന പ്രവൃത്തി താത്കാലികമായി നിറുത്തിവച്ചു. എപ്രിൽ 30നകം റോഡ് ടാർ ചെയ്യുന്നതിന് മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചതായി സി.സി. മുകുന്ദൻ എം.എൽ.എ അറിയിച്ചു. ഇപ്പോൾ ടാറിംഗ് ആരംഭിച്ചിട്ടുണ്ട്. മഴ മാറിയതിനു ശേഷം അടുത്ത സീസണിൽ ബാക്കി വരുന്ന പൈപ്പുകൾ സ്ഥാപിക്കും.
34.76 കോടി രൂപ വിനിയോഗിച്ചുള്ള കുടിവെള്ള പദ്ധതിയിൽ അന്തിക്കാട് വാട്ടർ ടാങ്കിന്റെ പ്രവൃത്തി 90 ശതമാനവും, താന്ന്യം വാട്ടർ ടാങ്കിന്റെ പ്രവൃത്തി 70 ശതമാനവും പൂർത്തീകരിച്ചു. കോലോത്തുകടവിലെ കുടിവെള്ള ശുദ്ധീകരണ ശാല, ടാങ്ക് പൈലിംഗ് പ്രവൃത്തികളും പൂർത്തീകരിച്ചതായി എം.എൽ.എ അറിയിച്ചു.