ഗുരുവായൂർ: കാവീട് എ.എൽ.പി സ്‌കൂളിൽ നിന്നും പ്രധാന അദ്ധ്യാപകനായി വിരമിക്കുന്ന വി.പി. ഹരിഹരൻ മാസ്റ്റർക്ക് കാവീട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് യാത്രഅയപ്പ് നൽകുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കാവീട് പ്രദേശത്തെ നാടക, സാംസ്‌കാരിക പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിക്കുന്ന അദ്ധ്യാപകനാണ് ഹരിഹരൻ മാസ്റ്റർ. കാവീട് പ്രദേശത്തെ സാംസ്‌കാരിക സംഘടനകളുടേയും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടേയും നേതൃത്വത്തിലാണ് കാവീട് എ.എൽ.പി സ്‌കൂൾ അങ്കണത്തിൽ യാത്രഅയപ്പ് നടത്തുന്നത്. ഉച്ചതിരിഞ്ഞ് 3 മുതൽ രാത്രി 10 വരെ വിവിധ കലാപരിപാടികൾ അരങ്ങേറും. 3 ന് കാവീട് അനുപമയുടെ ആഭിമുഖ്യത്തിൽ നാട്ടിലെ പാട്ടുകാർ ഒത്തുചേരുന്ന പാട്ടു സദസോടെയാണ് തുടക്കം. 4.30 ന് പൂർവവിദ്യാർത്ഥികളും രക്ഷിതാക്കളും സുഹൃത്തുക്കളും ഒത്തുചേരുന്ന സുഹൃദ്‌സംഗമം നടക്കും. കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന കലാജാഥയ്ക്ക് സ്വീകരണം, പ്രതിഭാ സംഗമം, ബാലകലോത്സവം ചലച്ചിത്ര താരങ്ങളായ ശിവജി ഗുരുവായൂരും മാത്യൂസ് പാവറട്ടിയും ചേർന്നൊരുക്കുന്ന നാടകം എന്നിങ്ങനെ വിവിധ പരിപാടികൾ അരങ്ങേറും. വാർത്താസമ്മേളനത്തിൽ നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ. സായിനാഥൻ, നടൻ ശിവജി ഗുരുവായൂർ, ശശി ആഴ്ച്ചത്ത്, സി.എസ്. സുധേഷ് എന്നിവർ സംബന്ധിച്ചു.