market

ചാലക്കുടിയിൽ ആധുനിക മത്സ്യ മാർക്കറ്റ് കെട്ടിട നിർമ്മാണത്തിന് നിശ്ചയിച്ച സ്ഥലത്ത് ടി.ജെ.സനീഷ് കുമാർ എം.എൽ.എയും ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നു.

ചാലക്കുടി: നിർദ്ദിഷ്ട ആധുനിക മത്സ്യ മാർക്കറ്റ് കെട്ടിട സ്ഥലത്ത് എം.എൽ.എയും ഉദ്യോഗസ്ഥരും പരിശോധയ്‌ക്കെത്തി. അപാകതകൾ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും മണ്ണ് പരിശോധന നടത്തുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു സന്ദർശനം. ചില ഭാഗത്തെ മണ്ണിന് ബലക്ഷയമുള്ളതിനാൽ നേരത്തെ നിശ്ചയിച്ചിരുന്നിടത്ത് നിന്ന് മാറിയായിരിക്കും കെട്ടിടം നിർമ്മിക്കുകയെന്ന് ടി.ജെ.സനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിന്നും 3.5 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മാണം. 12, 000 ചതുരശ്ര അടി വിസ്ത്രീർണമുണ്ടായിരിക്കും. ഒരു വർഷത്തിനകം നിർമ്മാണം പൂർത്തീകരിക്കുമെന്ന് തീരദേശ വികസന കോർപ്പറേഷൻ എക്‌സി.എൻജിനീയർ ഐ.ജി. ഷിലു പറഞ്ഞു. നഗരസഭാ ചെയർമാൻ വി.ഒ. പൈലപൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.വി. പോൾ, അഡ്വ.ബിജു ചിറയത്ത്, സി. ശ്രീദേവി, സെക്രട്ടറി എം.എസ്. ആകാശ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.


ആധുനിക മത്സ്യ മാർക്കറ്റ് ഇങ്ങനെ

വിസ്തീർണ്ണം 12,000 ചതുരശ്ര അടി.
ദീർഘവൃത്താകൃതിയിലെ ഒറ്റനില കെട്ടിടത്തിന് നീളം 40 മീറ്റർ, വീതി 30 മീറ്റർ.
അകത്ത് 20 മത്സ്യ സ്റ്റാളുകൾ 4 മാംസ സ്റ്റാളുകൾ, പുറത്ത് വാടകയ്ക്ക് നൽകുന്ന ഷോപ്പുകൾ-28.
കോൾഡ് സ്‌റ്റോറേജ് സംരക്ഷണം, മാലിന്യ സംസ്‌കാരണ സംവിധാനം.
നിർമ്മാണ ചുമതല തീരദേശ വികസന കോർപ്പറേഷൻ.