ചാലക്കുടി: പി.എം.എ.വൈ ഭവന പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് മുടങ്ങി കിടക്കുന്ന ധനസഹായങ്ങൾ ലഭിക്കുന്നതിന് സർക്കാർ ഇടപെടണമെന്ന് നഗരസഭാ കൗൺസിൽ യോഗം പ്രമേയം വഴി ആവശ്യപ്പെട്ടു. നാല് ലക്ഷം രൂപ ചെലവ് വരുന്ന വീടുകളുടെ നിർമ്മാണത്തിന് നഗരസഭയുടെ വിഹിതമായ 2 ലക്ഷമാണ് ഇതുവരെ ലഭിച്ചതെന്ന് ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച് ആലീഷ് ഷിബു ചൂണ്ടിക്കാട്ടി. കേന്ദ്ര വിഹിതമായ ഒന്നര ലക്ഷവും സംസ്ഥാന സർക്കാരിന്റെ അമ്പതിനായിരം രൂപയും ലഭിച്ചിട്ടില്ല. നാനൂറ് കുടുംബങ്ങൾക്ക് നാല് ഘട്ടമായാണ് തുക നൽകുന്നത്. എസ്.എൻ.എ, പി.എഫ്.എം.എസ് സംവിധാനത്തിലൂടെ ആയിരക്കണക്കിന് സർക്കാർ ഫണ്ട് വിതരണമെന്ന പുതിയ നിർദ്ദേശമാണ് നൂറോളം കുടുംബങ്ങളെ വലയ്ക്കുന്നത്. അവതാരക ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ഷിബു വാലപ്പൻ എന്നിവർ പ്രമേയത്തെ പിൻതാങ്ങി. ചെയർമാൻ വി.ഒ. പൈലപ്പൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ.ബിജു ചിറയത്ത്, സി.ശ്രീദേവി, കെ.വി. പോൾ തുടങ്ങിവർ സംസാരിച്ചു.