nel-cheവേനൽ മഴയെ തുടർന്ന് ചേർപ്പ് ജൂബിലി പാടശേഖരത്തിലുണ്ടായ നെൽക്കൃഷി നാശം.

ചേർപ്പ്: ശക്തമായ വേനൽ മഴയിൽ ചേർപ്പ് ജൂബിലി തേവർപടവിലെ 350 ഏക്കറിലെ നെൽക്കൃഷി നശിച്ചു. 950 ഏക്കർ വരുന്ന ജൂബിലി തേവർ പടവിലെ 600 ഏക്കറിലെ കൊയ്ത്ത് നേരത്തെ പൂർത്തിയാക്കിയിരുന്നു. ബാക്കി വരുന്ന 350 ഏക്കറിലെ നെല്ലാണ് മഴയെത്തുടർന്ന് നശിച്ചത്. ഇതുമൂലം കൊയ്ത്ത് താത്കാലികമായി നിറുത്തിവച്ചു. വിളഞ്ഞ നെല്ല് മഴയത്ത് വീണാൽ കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഇനിയുള്ള ദിവസങ്ങളിൽ മഴ ശക്തമാകുകയാണെങ്കിൽ ചാക്കിലാക്കി പടവിൽ സൂക്ഷിച്ചിരിക്കുന്ന അഞ്ച് ലോഡ് നെല്ല് നശിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്. മഴയെ തുടർന്ന് പടവിലെ ബണ്ട് റോഡിൽ ലോറി താഴ്ന്നതിനാൽ നെല്ല് കൊണ്ടുപോകുന്നത് തടസപ്പെട്ടിരിക്കുകയാണ്. മഴ മാറുന്ന പക്ഷം കൊയ്ത്ത് നടത്താൻ കഴിഞ്ഞില്ലെങ്കിൽ നെല്ലിൽ കൂടുതൽ ജലാംശം ഉണ്ടെന്ന് പറഞ്ഞ് വൻതോതിൽ തൂക്കത്തിൽ കിഴിവ് നൽകിയാണ് കമ്പനിക്കാർ കർഷകരിൽ നിന്ന് നെല്ല് സംഭരിക്കുകയെന്ന് ജൂബിലി പടവ് കമ്മിറ്റി പ്രസിഡന്റ് മജീദ് മുത്തുള്ളിയാൽ പറഞ്ഞു.