പുതുക്കാട്: പുതുക്കാട്, പറപ്പൂക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുണ്ടുകടവ്-കാനത്തോട് റെഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമ്മാണോദ്ഘാടനത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണയോഗം നരശില സാംസ്‌കാരിക നിലയത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ്, ഗ്രാമപഞ്ചായത്ത് അംഗം ഹിമ ദാസൻ എന്നിവർ സംസാരിച്ചു. 16ന് വൈകീട്ട് 3 ന് പാലത്തിന്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. സംഘാടക സമിതിയുടെ രക്ഷാധികാരിയായി കെ.കെ.രാമചന്ദ്രൻ എം.എൽ.എ (ചെയർമാൻ), പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ്, ഇറിഗേഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഹാരിസ് കരീം എന്നിവർ കൺവീനർമാരും പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.അനൂപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ചെങ്ങാലൂർ പ്രദേശവാസികളുടെ വർഷങ്ങളായുള്ള ചിരകാല സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്.