ഒല്ലൂർ: മണ്ണുത്തി-എടക്കുന്നി റോഡിന്റെ നിർമ്മാണം മെയ് 20നകം പൂർത്തീകരിക്കാൻ റവന്യൂ മന്ത്രി കെ. രാജൻ ബന്ധപ്പെട്ടവർക്ക് കർശന നിർദ്ദേശം നൽകി. പൂർത്തിയാക്കാത്തപക്ഷം കരാറുകാരനിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി കരാർ റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. ഇതിനു മുന്നോടിയായി കരാറുകാരന് നോട്ടീസ് നൽകാൻ യോഗം തീരുമാനിച്ചു. മന്ത്രി വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും അടിയന്തര യോഗത്തിലാണ് ഈ നിർദ്ദേശം. റോഡിന്റെ നടത്തറ ഹൈവേ മുതൽ കുട്ടനെല്ലൂർ വരെയുള്ള അഞ്ച് കിലോമീറ്റർ ഭാഗത്ത് ഏപ്രിൽ 20നകം ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനമായി.
മാർച്ച് 31നകം റോഡിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്ന മുൻ തീരുമാനം പാലിക്കുന്നതിൽ കരാർ കമ്പനി വീഴ്ച വരുത്തുകയും കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ റോഡിൽ വെള്ളം കെട്ടിക്കിടന്ന് ഗതാഗതം ദുരിതപൂർണമാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർ ഹരിത വി. കുമാറിന്റെ സാന്നിദ്ധ്യത്തിൽ മന്ത്രി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിച്ചു ചേർത്തത്.
കേരള ജല അതോറിറ്റിയുടെ ജല വിതരണ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ യോഗം നിർദ്ദേശം നൽകി. ടാറിംഗ് പ്രവൃത്തികൾ നടക്കുന്ന സമയത്തുതന്നെ പടവരാട് മുതൽ കേശവപ്പടി വരെയുള്ള ബാക്കി ഭാഗങ്ങളിൽ സമാന്തരമായി നിർമ്മാണ പ്രവൃത്തികൾ നടത്തണം. ഇതിനായി കരാർ കമ്പനി കൂടുതൽ തൊഴിലാളികളെയും യന്ത്രങ്ങളും സജ്ജീകരിക്കണം. മെയ് 20 വരെയുള്ള റോഡ് നിർമ്മാണത്തിന്റെ വിശദമായ രൂപരേഖ അടിയന്തരമായി സമർപ്പിക്കാനും ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ നടത്തറ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ, കോർപറേഷൻ കൗൺസിലർമാരായ ശ്യാമള വേണുഗോപാൽ, നീതു ദിലീഷ്, കരോളിൻ ജെറിഷ്, പഞ്ചായത്ത് അംഗം സനോജ്, കെ.ആർ.എഫ്.ബി ചീഫ് എൻജിനീയർ ഡാർലിൻ ഡിക്രൂസ്, എക്‌സിക്യൂട്ടീവ് എൻജിനീയർ വി.എസ്. മനീഷ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ. സജിത്ത്, അസിസ്റ്റന്റ് എൻജിനീയർ മാത്ത്‌സൺ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

റോഡ് നിർമ്മാണത്തിന്റെ പേരിൽ ജനജീവിതം ദുരിതപൂർണമാക്കുന്ന നടപടി ആരുടെ ഭാഗത്തുനിന്നായാലും അംഗീകരിക്കാനാവില്ല. പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് ഏപ്രിൽ നാലിന് റോഡ് നിർമാണം പുനരാരംഭിക്കാമെന്ന് വാക്ക് നൽകിയ കരാറുകാരൻ ഉറപ്പു പാലിക്കാതിരുന്നത് ഗുരുതരമായ വീഴ്ചയായി മാത്രമേ കാണാനാവൂ.
-മന്ത്രി കെ. രാജൻ.