കൊടുങ്ങല്ലൂർ: പാതയോരങ്ങളിൽ താഴ്ന്ന കിടക്കുന്നതും ചുരുട്ടിവച്ചിരിക്കുന്നതുമായ കേബിളുകൾ കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും അപകടക്കെണിയാകുന്നു. ദേശീയപാത 66ലും ഇടറോഡുകളിലും സ്വകാര്യ ടി.വി സ്ഥാപനങ്ങളുടെ കേബിളുകൾ നാളുകളായി താഴ്ന്നു കിടക്കുന്ന സ്ഥിതിയാണ്. ഇതിനെതിരെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നു. ബി.എസ്.എൻ.എൽ ഫ്രാഞ്ചൈസിയുടെ കേബിളുകളും അലസമായിട്ടാണ് സ്ഥാപിച്ചിരിക്കുന്നത്.
വൈദ്യുതി പോസ്റ്റുകളിലൂടെയാണ് സ്വകാര്യ സ്ഥാപനങ്ങളും ബി.എസ്.എൻ.എൽ ഫ്രാഞ്ചൈസിയുടെയും കേബിളുകൾ അധികവും വലിച്ചിട്ടുള്ളത്. പണം അടക്കാത്തതിന്റെ പേരിലും ശരിയായ രീതിയിൽ വലിച്ചുകെട്ടാത്താതിനാലും കെ.എസ്.ഇ.ബി വൈദ്യുതി പോസ്റ്റിൽ നിന്നും കേബിളുകൾ മാറ്റുന്നത് പതിവാണ്.
കേബിളുകൾ ആരുടേതാണെന്ന് അന്വേഷിച്ചാൽ എല്ലാവരും കൈമലർത്തുന്ന സ്ഥിതിയാണെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ പറഞ്ഞു. നീക്കം ചെയ്യപ്പെട്ട കേബിളുകൾ ചില സ്ഥലങ്ങളിൽ പാതയോരത്തെ മരത്തിലോ, മരക്കുറ്റി സ്ഥാപിച്ചോ, അതുമല്ലെങ്കിൽ മതിലിൽ കെട്ടിവച്ചുമാണ് കടത്തിവിടുന്നത്. ഇങ്ങിനെയുള്ള കേബിളുകളാണ് പല സ്ഥലങ്ങളിലും താഴ്ന്ന് കിടന്ന് അപകടകാരിയായി മാറുന്നത്. രാത്രി കേബിളുകൾ കാണാൻ കഴിയാതെ യാത്രക്കാർ അപകടത്തിൽപ്പെടാൻ സാദ്ധ്യതയേറെയാണ്. കേബിളുകൾ ശരിയായ രീതിയിലാക്കാൻ കേബിൾ സ്ഥാപകരാരും ശ്രമിക്കുന്നുമില്ല. ബന്ധപ്പെട്ട കേബിൾ ഉടമകൾക്ക് പരാതി നൽകിയാലും നടപടി ഉണ്ടാകാറില്ലെന്നും പരാതിയുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ ഇത്തരക്കാർക്കെതിരെ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ദുരന്ത നിവാരണ സമിതി ചെയർമാനായ കളക്ടർ കേബിൾ ഉടമകൾക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.